
തിരുവനന്തപുരം: മൃഗങ്ങളുടെ പരിപാലനത്തിലും സുരക്ഷയിലും അതീവശ്രദ്ധപുലർത്തുന്നു എന്ന് അവകാശപ്പെടുന്ന മൃഗശാലയിൽ പേവിഷബാധയേറ്റ് മ്ലാവ് ചത്തു. പേവിഷബാധ മൃഗശാലയിൽ അപൂർവ സംഭവമാണെങ്കിലും രണ്ടുമാസം മുമ്പ് മറ്റൊരു മ്ലാവും ഇതുപോലെ പേവിഷബാധയേറ്റ് ചത്തിരുന്നു. ഇതോടെ നിരീക്ഷണം ശക്തമാക്കി മുന്നോട്ടുപോകുന്നതിനിടെയാണ് കഴിഞ്ഞദിവസം ലക്ഷണങ്ങൾ മ്ലാവിന് കണ്ടുതുടങ്ങിയത്. അവസ്ഥ ഗുരുതരമായി ഞായറാഴ്ച ചത്തു.
പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ മൃഗശാലയിൽ ആശങ്ക പരന്നിട്ടുണ്ട്. തുടർച്ചയായി രണ്ട് മ്ലാവുകൾ ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ മറ്റ് മൃഗങ്ങൾക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി. ഒപ്പം ജീവനക്കാർക്ക് സുരക്ഷ മാർഗനിർദേശവും നൽകി. ഗ്ലൗസ് ഉപയോഗിച്ച് മാത്രമെ മൃഗങ്ങളെ പരിചരിക്കാവൂ എന്നും എന്തെങ്കിലും ലക്ഷണങ്ങൾ മൃഗങ്ങളിൽ കാണുന്നുവെങ്കിൽ അത് അടിയന്തരമായി റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകി.
മൃഗങ്ങളിൽ പേവിഷബാധ സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിപാലിക്കുന്ന കീപ്പർമാരും മറ്റ് ജീവനക്കാരും പരിഭ്രാന്തിയിലാണ്. കീരിയിനത്തിൽപെട്ട ജീവി മൃഗശാലക്കുള്ളിലും പരിസരങ്ങളിലും സ്വൗര്യവിഹാരം നടത്തുന്നുണ്ട്. ഇവ പേവിഷബാധയുടെ വാഹകരാണെന്നും ഇവയിൽ നിന്നുള്ള കടിയോ മറ്റോ ഏറ്റതാകാം പേവിഷബാധക്ക് കാരണമെന്ന് സംശയിക്കുന്നതായി മൃഗശാല ഡോക്ടർ നികേഷ് കിരൺ പറഞ്ഞു.
ആണും പെണ്ണുമായി 65ഓളം മ്ലാവുകളാണ് ഇപ്പോൾ മൃഗശാലയിലുള്ളത്. ആദ്യം ഒരെണ്ണം പേവിഷബാധയേറ്റ് ചത്ത സമയത്തുതന്നെ പ്രതിരോധ വാക്സിനേഷൻ എല്ലാത്തിനും എടുത്തിരുന്നു. അതിൽ നിന്ന് ഞായറാഴ്ച ചത്ത മ്ലാവിന് ഒരുപേക്ഷെ വിട്ടുപോയതാകാം പേവിഷബാധ ഉണ്ടാകാൻ കാരണമെന്നും ഡോക്ടർ പറഞ്ഞു.