സാംസ്‌കാരിക ഘോഷയാത്ര: ക്ഷീര വികസന, ഫിഷറീസ് വകുപ്പുകളുടെ ഫ്‌ളോട്ടുകൾക്ക് പുരസ്കാരം

08:57 PM Sep 10, 2025 | AVANI MV

ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തിൽ നടന്ന സാംസ്‌ക്കാരിക ഘോഷയാത്രയിൽ പങ്കെടുത്ത ഫ്‌ളോട്ടുകൾക്കും കലാരൂപങ്ങൾക്കുമുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ സ്ഥാപന വിഭാഗത്തിൽ ഒന്നാം സ്ഥാനം വി എസ് എസ് സിക്കും രണ്ടാം സ്ഥാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ഫ്‌ളോട്ടുകൾക്ക് ലഭിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകളുടെ വിഭാഗത്തിൽ ക്ഷീര വികസന വകുപ്പും മത്സ്യബന്ധന വകുപ്പും  ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. 

സർക്കാരിതര സ്ഥാപന വിഭാഗത്തിൽ ഒന്നാം സ്ഥാനം ശുചിത്വ മിഷനും രണ്ടാം സ്ഥാനം എനർജി മാനേജ്മെന്റ് സെന്ററിന്റെയും ഫ്ളോട്ടുകൾ സ്വന്തമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ തിരുവനന്തപുരം കോർപ്പറേഷനും  തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമൊരുക്കിയ ഫ്‌ളോട്ടുകൾക്ക് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചു.  പൊതുമേഖലാ സ്ഥാപനങ്ങളുടെ  വിഭാഗത്തിൽ കെൽട്രോണും കേരള വാട്ടർ അതോറിറ്റിയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.ബാങ്കിംഗ് മേഖലയിൽ കേരള ബാങ്കും നബാർഡും  ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കി.

ദൃശ്യകലാരൂപങ്ങളുടെ വിഭാഗത്തിൽ ഝാർഖണ്ഡിലെ ഗ്രാമീണരുടെ തനത് നൃത്തവും ഉത്തർപ്രദേശിലെ തനത് നൃത്തവും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ആഫ്രിക്കൻ ബാന്റിന്റെ മഹീയത്തിനും ഹൈനസ് സംസ്കരിക സമിതിയുടെ ശിങ്കാരിമേളത്തിനും ചെറിയ  കലാരൂപങ്ങളുടെ വിഭാഗത്തിലെ പുരസ്‌കാരവും ലഭിച്ചു. വിജയികൾക്കുള്ള സമ്മാനം ഓണം വാരാഘോഷത്തിന്റെ സമാപന വേദിയിൽ ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു.