തന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആലിയ ഭട്ട്. ഇത്തരം കാര്യങ്ങള്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ആലിയ പറയുന്നത്. അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ലെന്നും നിയമലംഘനമാണെന്നും ആലിയ ചൂണ്ടികാണിക്കുന്നു.
'മുംബൈ പോലുള്ള ഒരു നഗരത്തില്‍ സ്ഥലത്തിന് പരിമിതികളുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ ജനലിലൂടെ നോക്കിയാല്‍ കാണുന്നത് മറ്റൊരാളുടെ വീടാകും. എന്നാല്‍ അത് ചിത്രീകരിക്കാനോ, പ്രചരിപ്പിക്കാനോ ആര്‍ക്കും അവകാശമില്ല, ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ നിര്‍മാണം പൂര്‍ത്തിയാവാത്ത ഞങ്ങളുടെ വീടിന്റെ വീഡിയോ പല മാധ്യമങ്ങളും റെക്കോര്‍ഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാ പ്രശ്നവുമാണ്. അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല, അത് നിയമലംഘനമാണ്. അതിനെ ഒരിക്കലും നോര്‍മലൈസ് ചെയ്യപ്പെടരുത്. നിങ്ങളുടെ അറിവില്ലാതെ നിങ്ങളുടെ വീടിന്റെ ഉള്‍വശം ചിത്രീകരിച്ച വീഡിയോകള്‍ പരസ്യമായി പങ്കുവെക്കുന്നത് നിങ്ങള്‍ക്ക് സഹിക്കാനാകുമോയെന്ന് ചിന്തിക്കുക. നമ്മളാരും അത് ചെയ്യാറില്ല, അതുകൊണ്ട് അത്തരം വീഡിയോകള്‍ ഓണ്‍ലൈനില്‍ കാണുകയാണെങ്കില്‍ ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു. ഈ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച മാധ്യമങ്ങളിലെ ഞങ്ങളുടെ സുഹൃത്തുക്കളോട് അവ ഉടനടി നീക്കം ചെയ്യാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു.' ആലിയ കുറിച്ചു. ഇരുനൂറ്റിഅന്‍പത് കോടിയോളം വിലമതിക്കുന്നതാണ് താരദമ്പതികളുടെ പുതിയ ബംഗ്ലാവ്.