സൗദി അൽകോബാറിൽ ഷമാലിയയിൽ താമസ സ്ഥലത്ത് ഹൈദരാബാദ് സ്വദേശിനിയായ യുവതി മൂന്നുമക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഹൈദരാബാദിലെ ടോളിചൗക്കി സ്വദേശിനിയായ സൈദ ഹുമൈറ അംറീനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മകൻ മുഹമ്മദ് യുസുഫ് അഹമ്മദി(3)നെയും ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (6), മുഹമ്മദ് ആദിൽ അഹമ്മദ് (6), എന്നിവരെയും ബാത്ത് ടബ്ബിൽ വെള്ളം നിറച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം സൈദ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എന്നാല്‍ ആത്മഹത്യാ ശ്രമത്തിനിടെ യുവതി കാൽവഴുതി വീണ് ബോധം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഭർത്താവ് മുഹമ്മദ് ഷാനവാസ് എത്തി വിളിച്ചപ്പോഴാണ് ബോധം വന്നത്. ആറ് മാസം മുമ്പാണ് കുടുംബം സന്ദർശന വിസയിൽ സൗദിയിലെത്തിയത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്കും ആത്മഹത്യാ ശ്രമത്തിലേക്കും നയിച്ചതെന്നാണ് കരുതുന്നത്.
ഭാര്യക്ക് മാനസിക പ്രശ്നമുള്ളതായാണ് ഭാർത്താവ് പറയുന്നുത്. സൗദി റെഡ്ക്രസൻറ് എത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമ നടപടികളും തുടർ നടപടികളും പുരോഗമിക്കുന്നു.