കൊച്ചി: വഖഫ് ബില്ലുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ലോക്‌സഭയില്‍ നടന്ന വമ്പന്‍ ചര്‍ച്ചയ്ക്കിടെ ഏറെ ശ്രദ്ധപിടിച്ചു പറ്റിയത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും അസാന്നിധ്യമായിരുന്നു. രാജ്യമെങ്ങും സോഷ്യല്‍ മീഡിയയില്‍ ഇതേചൊല്ലി വിവാദമായതോടെ രാഹുല്‍ ലോക്‌സഭയിലെത്തി. എന്നാല്‍, പ്രിയങ്ക ഗാന്ധി അപ്പോഴും വിട്ടുനിന്നു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ പോലും പങ്കെടുക്കാതെയാണ് സിപിഎം അംഗങ്ങള്‍ ചര്‍ച്ചയ്ക്കുവേണ്ടി പാര്‍ലമെന്റിലെത്തിയത്. എന്നാല്‍, രാഹുല്‍ വൈകിയെത്തുകയും ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തതും പ്രിയങ്ക എത്താതിരിക്കുകയും ചെയ്തത് വിവാദമായിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഹിന്ദു വോട്ടുകള്‍ നഷ്ടമാകുമെന്ന ഭയമാണ് കോണ്‍ഗ്രസിനെന്നാണ് ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് തോമസ് ഐസകിന്റെ വിമര്‍ശനം.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
സിപിഐ(എം) നെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ പരമോന്നതസഭയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. തലേന്ന് കൂടിയ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി എടുത്ത ആദ്യ തീരുമാനം സിപിഐ (എം) പാര്‍ലമെന്റ് അംഗങ്ങളോട് വഖഫ് ബില്ലിനെ എതിര്‍ക്കുന്നതിനുവേണ്ടി ഡല്‍ഹിയില്‍ തന്നെ തുടരാന്‍ ആവശ്യപ്പെടുകയാണ്. പലരും മധുരയിലേക്ക് വരുവാന്‍ വിമാനത്തില്‍ യാത്രതുടങ്ങി കഴിഞ്ഞിരുന്നു. അവര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ അടുത്ത ഫ്‌ലൈറ്റില്‍ തന്നെ തിരിച്ചു പോകുവാനാണ് നിര്‍ദ്ദേശിച്ചത്. ഇതാണ് സിപിഐ(എം). ന്യൂനപക്ഷ അവകാശ സംരക്ഷണത്തില്‍ ഒരു ഒത്തുതീര്‍പ്പിനും പാര്‍ട്ടി തയ്യാറല്ല.
ഇതുമായി കോണ്‍ഗ്രസിന്റെ അഴകൊഴമ്പന്‍ നിലപാടിനെ താരതമ്യപ്പെടുത്തു. മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സിന്‍ഡ്രോം കോണ്‍ഗ്രസ് നേതാക്കളുടെ ഒരു സ്വഭാവമാണ്, ശശിതരൂര്‍ മോദിയെക്കുറിച്ചു എന്ത് പറഞ്ഞു എന്നത് ഒരു വിവാദ വിഷയം ആണല്ലോ? വഖഫ് ബില്ലിന്റെ കാര്യത്തില്‍ ഏതായാലും മുയല്‍വേട്ടയുടെ പ്രയോഗം ഏറ്റവും യോജിക്കുന്നത് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കാണ്. വഖഫ് ബില്ലിന്റെ ലോകസഭാ ചര്‍ച്ചയില്‍ വൈകിയാണ് അദ്ദേഹം എത്തിയത്. അതും അദ്ദേഹത്തിന്റെ സാന്നിധ്യമില്ലായ്മ ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വിവാദമായ ശേഷം. വന്നിട്ടും എന്തെങ്കിലും മൊഴിഞ്ഞോ? ഇല്ലാ, മൗനവൃതത്തിലാണ് അദ്ദേഹം.
എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്? ഹിന്ദി ഹൃദയഭൂമിയില്‍ വലിയൊരുവിഭാഗം ജനങ്ങളുടെ മനസ്സില്‍ തീവ്രഹിന്ദു വികാരം കുത്തിവയ്ക്കുന്നതിന് ബിജെപി വിജയിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ മൃദു ഹിന്ദുത്വ നിലപാടാണ് തങ്ങള്‍ക്ക് നേട്ടമുണ്ടാക്കുക എന്ന ചിന്തയിലാണ് കോണ്‍ഗ്രസ്. അതുകൊണ്ടാണ് വഖഫ് ബില്ലില്‍ ഈ സമീപനം സ്വീകരിച്ചത്.
മുനമ്പം വിഷയത്തോട് മാത്രം കൂട്ടിവായിച്ച് വഖഫ് ബില്ലിനെ വിലയിരുത്തുന്നവര്‍ കേരളത്തില്‍ ഉണ്ട്. മുനമ്പം ഭൂമിയുടെ പ്രശ്‌നത്തില്‍ കേരളത്തില്‍ ഇന്ന് ഏതാണ്ട് ഏകീകൃത അഭിപ്രായവുമാണ്. മതസ്ഥാപനങ്ങളുടെ ഭൂമിയില്‍ പോലും കുടിയായ്മ്മ അവകാശവും കുടികിടപ്പവകാശവും അനുവദിച്ചു നടപ്പിലാക്കിയ സ്ഥലമാണ് കേരളം. അതുകൊണ്ട് എന്ത് സംഭവിച്ചാലും മുനമ്പത്ത് എത്രയോ നാളായി താമസിച്ചുവരുന്നവരുടെ ഭൂമിയുടെ മേലുള്ള അവകാശം ഇവിടെ സംരക്ഷിക്കപ്പെടും കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ ഒറ്റപ്പെട്ട ചിലരൊഴികെയുള്ള എല്ലാ മുസ്ലിം സംഘടനകളും അംഗീകരിച്ചു കഴിഞ്ഞു. അതുകൊണ്ട്, മുനമ്പത്തിന് കൂട്ടായ പരിഹാരം നമ്മുക്ക് കണ്ടെത്താം. അതിന് ഇപ്പോള്‍ പാര്‍ലമെന്റ് പരിഗണനയിലുള്ള വഖഫ് ബില്ലുമായി കൂട്ടികുഴയ്ക്കേണ്ടതില്ല.
അങ്ങനെ ചെയ്യുന്നവര്‍ മരമെണ്ണി കാടുകാണാന്‍ വിസമ്മതിക്കുന്നവരാണ്. ബി ജെ പി ന്യൂനപക്ഷവിരുദ്ധ ഹിന്ദുത്വ പ്രത്യേയശാസ്ത്രത്തിന്റെ പാര്‍ട്ടിയാണ്. ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ ജൂതന്മാരെ വേട്ടയാടി ജര്‍മന്‍ വംശീയതയെ ആളിക്കത്തിച്ചു അധികാരമുറപ്പിച്ചതുപോലെ, ഒരു നിയോ ഫാസിസ്റ്റ് ഭരണകൂടം സ്ഥാപിക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യം. ഈ നീക്കത്തിന്റെ ഭാഗമാണ് നിര്‍ദ്ദിഷ്ട വഖഫ് ബില്ലും. അതിനുള്ളില്‍ സ്വീകാര്യമായാവും അല്ലാത്തവയും തിരയേണ്ട സമയമല്ല. ഈ ദുരപിഷ്ഠിത നീക്കത്തെ തുറന്നെതിര്‍ക്കുകയാണ് വേണ്ടത്.
ക്ഷേത്രഭരണത്തില്‍നിന്ന് സര്‍ക്കാര്‍ പോലും പിന്‍വാങ്ങണമെന്ന് പറയുന്ന ബിജെപി എന്തിനാണ് വഖഫ് ഭൂമിയുടെ മാനേജ്മെന്റ്റില്‍ എന്തിനാണ് അമുസ്ലീങ്ങളെ നിര്‍ബന്ധപൂര്‍വ്വം അംഗങ്ങളാക്കുന്നത്? എന്തിനാണ് അഞ്ച് വര്ഷം മുസ്ലീമായിരുന്നൊരാള്‍ക്ക് മാത്രമേ വഖഫിന് സ്വത്ത് നല്‍കുവാന്‍ കഴിയു എന്ന നിബന്ധന കൊണ്ടുവരുന്നത്? വഖഫ് ബോര്‍ഡുകളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനനല്‍കുന്ന പരിരക്ഷയെ കടന്നാക്രമിക്കുകയാണ്. വഖഫ് ബില്ലിനെ എന്തുകാരണം കൊണ്ട് ആണെങ്കിലും അനുകൂലിക്കുന്നവരും മൗനം പാലിക്കുന്നവരും ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തെ വിസ്മരിക്കുകയാണ്.
അതിനിടയില്‍ സുരേഷ്ഗോപി കേരളനിയമസഭയെ പരിഹസിച്ചുകേട്ടു, ഔചിത്യബോധം തീരെയില്ലാതെ എപ്പോഴും സിനിമയിലെ തട്ടുപൊളിപ്പന്‍ വാചകമടിയില്‍ അഭിരമിച്ചു കഴിയുന്ന മാനസിക വ്യാപാരമാണ് അദ്ദേഹത്തിന്റേത്. ഒരു സംസ്ഥാനത്തിന്റെ നിയമസഭാ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനെതിരെ എന്താണ് അദ്ദേഹം ആക്രോശിച്ചത്? നിയമം പാസാക്കാനുള്ള ഭൂരിപക്ഷം നിങ്ങള്‍ക്ക് പാര്‌ലമെന്റിലുണ്ട്, അതിലഹങ്കരിച്ച് കേരളനിയമസഭ പാസാക്കിയ പ്രമേയത്തെ അറബിക്കടലില്‍ എറിയാനൊന്നും നടക്കണ്ട. നിങ്ങള്‍ നിയമം പാസാക്കിയാലും ആ പ്രമേയം ഉണ്ടാവും. നിങ്ങളുടെ വര്‍ഗ്ഗീയ ഭ്രാന്തിനെ ചെറുക്കുന്നതിന് അതും ഒരു മുതല്‍ക്കൂട്ടാകും.