ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ഭീകരാക്രമണത്തിന് പഹല്‍ഗാം മേഖല ഭീകരര്‍ തെരഞ്ഞെടുക്കാനുള്ള കാരണങ്ങളടക്കമുള്ള വിവരങ്ങളാണ് എന്‍ ഐ എ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വിനോദസഞ്ചാരികളുടെ വന്‍ തിരക്കുള്ളതും എന്നാല്‍ സുരക്ഷാ സേനയുടെ വിന്യാസം താരതമ്യേന കുറവുള്ളതുമായ മേഖലയായതിനാലാണ് പഹല്‍ഗാമിനെ ആക്രമണത്തിനായി ഭീകരര്‍ തിരഞ്ഞെടുത്തതെന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍. പ്രധാന ടൗണില്‍ നിന്ന് ദൂരെയുള്ള ഈ പ്രദേശം ആക്രമണത്തിന് അനുകൂലമാണെന്ന് ഭീകരര്‍ വിലയിരുത്തിയിരുന്നു.
മൂന്ന് ഭീകരരാണ് പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിവെച്ചതെന്നും എന്‍ ഐ എ വിവരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്ത ഈ ആക്രമണം, ഈ മേഖലയിലെ സുരക്ഷാ വീഴ്ചകള്‍ വെളിവാക്കുന്നതായും എന്‍ ഐ എ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2025 ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തെ നടുക്കുന്നതായിരുന്നു. ഈ ആക്രമണത്തില്‍ 26 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്കര്‍ ഇ തയിബയുടെ ഒരു വിഭാഗമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടി ആര് എഫ്) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.