ചൈനയില്‍ പതിനെട്ടാം നിലയിലെ അപ്പാർട്മെൻ്റില്‍ നിന്ന് താഴേക്ക് വീണ മൂന്ന് വയസുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.ചൈനയിലെ സിയാങ് പ്രവിശ്യയിലുള്ള ഹാങ്സൂവില്‍ ജൂലൈ പതിനഞ്ചിനാണ് അപകടം നടന്നത്. ശുചിമുറിയിലെ ജനാല വഴിയാണ് മൂന്ന് വയസുകാരൻ താഴേക്ക് ചാടിയത്.
മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് കുട്ടി വീട്ടില്‍ മുത്തശിക്കും മുത്തശനുമൊപ്പമാണ് ഉണ്ടായിരുന്നത്. കുട്ടി ഉറങ്ങിയ സമയത്ത് കൂട്ടിരിപ്പുകാർ സാധനം വാങ്ങാൻ കടയിലേക്ക് പോയി. ഈ സമയത്ത് ഉറക്കമുണർന്ന കുട്ടി ശുചിമുറിയിലെ തുറന്നിട്ട അഴികളില്ലാത്ത ജനാല വഴി താഴേക്ക് ചാടിയെന്നാണ് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
എന്നാല്‍ താഴെയുണ്ടായിരുന്ന ഒരു മരത്തില്‍ ഇടിച്ച ശേഷമാണ് കുട്ടി നിലത്തേക്ക് വീണത്. കെട്ടിടത്തിലെ മറ്റ് താമസക്കാരാണ് കുട്ടിയെ തറയില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.വീഴ്ചക്കിടെ പതിനേഴാം നിലയിലെ ജനാലയില്‍ തട്ടി ഗതി മാറിയതോടെ കുട്ടി താഴെയുള്ള മരത്തിലേക്ക് പതിച്ച് ഇവിടെ നിന്ന് തറയില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പരിശോധിച്ച ഡോക്ടർമാരാണ് കുട്ടിയുടേത് അദ്ഭുതകരമായ രക്ഷപ്പെടലാണെന്ന് പറയുന്നത്.