തൃശൂര്‍: കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശം നെഞ്ചിലേറ്റി സാംസ്കാരിക തലസ്ഥാനം. കെസില്‍ രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂര്‍ വാഹന പര്യടനം തിങ്കളാഴ്ച്ച ജില്ലയില്‍ പ്രവേശിച്ചു. ഉഷ്മള വരവേല്‍പ്പാണ് ജില്ലയിലെ കായിക പ്രേമികളും വിദ്യാര്‍ത്ഥികളും പൊതു സമൂഹവും ആദ്യ ദിനം നല്‍കിയത്. കെസിഎയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന ട്രോഫി ടൂര്‍ വാഹനം നാലു ദിവസമാണ് ജില്ലയില്‍ പര്യടനം നടത്തുക. ഇതിലൂടെ തൃശൂരിന്റെ നഗര-ഗ്രാമ മേഖലകളില്‍ ക്രിക്കറ്റിന്റെ ആവേശം അലയടിക്കും. തൃശൂരിന്റെ സ്വന്തം ടീമായ ഫിനസ്സ് തൃശൂര്‍ ടൈറ്റന്‍സും പ്രചാരണ പരിപാടികളുടെ ഭാഗമാണ്.
പര്യടനത്തിന്റെ ജില്ലാതല ഉദ്ഘാടനം പാവറട്ടി സിഎംഐ പബ്ലിക് സ്കൂളില്‍ നടന്നു. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് സിഎംഐ, ഹെഡ്മാസ്റ്റര് പി.എഫ്. ജോസ്, പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് റെജീന എം.എം, കായികാധ്യാപകരായ ജോബി ജോസ്, സജിത്ത് ജോര്‍ജ്, തൃശൂര്‍ ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന് എക്സിക്യൂട്ടീവ് മെമ്പര്‍ ആനന്ദ്, ഫാ. പ്രവീണ്‍ എന്നിവര്‍ ചേര്‍ന്ന് പര്യടന വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാര്‍ത്ഥികളും ക്രിക്കറ്റ് പ്രേമികളും ചേര്‍ന്ന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ട്രോഫിക്കും പര്യടന വാഹനത്തിനും നല്‍കിയത്. ഉദ്ഘാടനത്തിന് ശേഷം ഇന്ന് പൂവത്തൂര്‍, ഐഇഎസ് എഞ്ചിനീയറിംഗ് കോളേജ്, കാഞ്ഞാണി എന്നിവിടങ്ങളിലും വിവിധ പരിപാടികള്‍ അരങ്ങേറി. ഓരോ കേന്ദ്രത്തിലും വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. എല്ലായിടത്തും വലിയ ആവേശത്തോടെയാണ് ആരാധകര്‍ പരിപാടിയില്‍ പങ്കെടുത്തത്.
വരും ദിവസങ്ങളിലും പര്യടനം ജില്ലയിലെ പ്രമുഖ കേന്ദ്രങ്ങളിലൂടെ കടന്നുപോകും. ചൊവ്വാഴ്ച റോയല്‍ കോളേജ്, തേജസ് കോളേജ്, വിദ്യ കോളേജ്, ശോഭ മാള്‍ എന്നിവിടങ്ങളിലും, ബുധനാഴ്ച ശക്തന് ബസ് സ്റ്റാന്‍ഡ്, കേരള വര്‍മ്മ കോളേജ്, ബിനി ഹെറിറ്റേജ് ജംഗ്ഷന്, ഹൈലൈറ്റ് മാള്‍ എന്നിവിടങ്ങളിലും പര്യടനം എത്തും. പര്യടനത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച ചേതന കോളേജ്, ഗവ. എഞ്ചിനീയറിംഗ് കോളേജ്, വിമല കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച ശേഷം ചാലക്കുടി ഓട്ടോ സ്റ്റാന്‍ഡില്‍ സമാപിക്കും.