തൃശൂരിൽ വനിതാ ഹോട്ടലിലേയ്ക്ക് നടന്നു പോവുകയായിരുന്ന ജീവനക്കാരിയുടെ സ്വര്‍ണ മാലയും മൊബൈല്‍ ഫോണും രേഖകളുമടങ്ങിയ കവര്‍ തട്ടിയെടുത്ത സംഭവം : ഓടിരക്ഷപ്പെട്ട മോഷ്ടാവ് പോലീസ് പിടിയിൽ

03:30 PM Oct 23, 2025 | AVANI MV

തൃശൂര്‍: പുലര്‍ച്ചെ വനിതാ ഹോട്ടലിലേയ്ക്ക് നടന്നു പോവുകയായിരുന്ന ജീവനക്കാരിയുടെ സ്വര്‍ണ മാലയും മൊബൈല്‍ ഫോണും രേഖകളുമടങ്ങിയ കവര്‍ തട്ടിയെടുത്ത് ഓടിരക്ഷപ്പെട്ട പരിചയക്കാരനായ മോഷ്ടാവിനെ വാടാനപ്പള്ളി പോലീസ് പിടികൂടി. ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര ബീച്ച് സ്വദേശിയായ 45 കാരനെയാണ് പോലീസ് പിടികൂടിയത്. ഏങ്ങണ്ടിയൂര്‍ കല്ലിങ്ങല്‍ വീട്ടില്‍ വിജയന്റെ ഭാര്യ രമ (65) യുടെ  പരാതിയിലാണ് പോലീസ് നടപടി. 

 രമയും മറ്റ് വനിതകളും ചേര്‍ന്ന് ഏങ്ങണ്ടിയൂര്‍ പോളയ്ക്കലില്‍ ഹോട്ടല്‍ നടത്തിവരുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനായി പുലര്‍ച്ചെ 4.40 ഓടെ ഹോട്ടലിലേക്ക് രമ നടന്നു പോകുമ്പോള്‍ കൈയില്‍  സൂക്ഷിച്ചിരുന്ന ഒരു പവനില്‍ അധികം തൂക്കം വരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും രേഖകളും അടങ്ങിയ പ്ലാസ്റ്റിക് കവര്‍തട്ടിപ്പറിച്ചു കൊണ്ടുപോയെന്നാണ് പരാതി. ടോര്‍ച്ച് വെളിച്ചത്തിലാണ് രമ പിടിച്ചു പറിക്കാരനെ തിരിച്ചറിഞ്ഞത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പ് ഒരു യുവതിയുടെ മാല പൊട്ടിച്ച കേസില്‍ പ്രിന്‍സനെ അറസ്റ്റ് ചെയ്തിരുന്നു.