തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇന്ന്; ആദ്യ സാമ്പിൾ വെടിക്കെട്ടിന് തിരുവമ്പാടി തിരികൊളുത്തും

09:48 AM May 04, 2025 | AJANYA THACHAN

തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഞായറാഴ്ച. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളിൽ ചമയപ്രദർശനങ്ങൾക്കും ഞായറാഴ്ച തുടക്കമാകും. വൈകീട്ട് ഏഴുമണിയോടെയാണ് സാമ്പിളിന് തിരികൊളുത്തുക. രാവിലെയാണ് ചമയപ്രദർശനങ്ങളുടെ ഉദ്ഘാടനം. തിങ്കളാഴ്ച പൂരത്തിന് നാന്ദികുറിച്ച് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരം തുറന്നിടും. ചൊവ്വാഴ്ചയാണ് പൂരം.

തിരുവമ്പാടിയാണ് ആദ്യം സാമ്പിൾ വെടിക്കെട്ടിന് തിരികൊളുത്തുക. തുടർന്ന് പാറമേക്കാവിന്റെ വെടിക്കെട്ടും നടക്കും. പാറമേക്കാവ് വിഭാഗം ചമയപ്രദർശനം ഉദ്ഘാടനം രാവിലെ ഒമ്പതിന് ദേവസ്വം അഗ്രശാലയിൽ നടക്കും. തിരുവമ്പാടി ചമയപ്രദർശനം ഉദ്ഘാടനം 10-ന് കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എംഎൽഎ തുടങ്ങിയവർ രണ്ട്‌ ചടങ്ങുകളിലും പങ്കെടുക്കും. 

ഞായറാഴ്ച രാത്രി 10 വരെയും തിങ്കളാഴ്ച രാത്രി 12 വരെയുമാണ് പ്രദർശനം. ഞായറാഴ്ച 3.30 മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഉണ്ടാകും. സ്വകാര്യവാഹനങ്ങൾക്ക് നഗരത്തിന്റെ ഔട്ടർ റിങ് വരെ മാത്രമേ പ്രവേശനാനുമതിയുണ്ടാകൂ. ബസുകൾക്കും നിയന്ത്രണമുണ്ട്.