തൃശൂര്‍ നഗരത്തില്‍ ശക്തമായ കാറ്റിലും മഴയിലും ഇരുമ്പ് മേല്‍ക്കൂര തകര്‍ന്ന് വീണു

09:46 PM May 23, 2025 | Desk Kerala

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ ശക്തമായ കാറ്റിലും മഴയിലും ഇരുമ്പ് മേല്‍ക്കൂര തകര്‍ന്ന് വീണു. കോര്‍പ്പറേഷന് മുന്നില്‍ എം.ഒ. റോഡിലാണ് അപകടം ഉണ്ടായത്. സമീപത്തെ ബില്‍ഡിങ്ങിന് മുകളില്‍ നിന്നാണ് മേല്‍ക്കൂര വീണത്. 

നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലേക്കാണ് വീണതെങ്കിലും ആരും അപകടത്തില്‍പ്പെട്ടില്ല.  ഇന്നലെ ഉച്ചതിരിഞ്ഞ് നാലോടെയായിരുന്നു സംഭവം. 25 അടിയോളം ഉയരത്തില്‍നിന്നാണ് മേല്‍ക്കൂര നിലംപൊത്തിയത്.  

കോണ്‍ക്രീറ്റ് കട്ടകള്‍ ഉള്‍പ്പെടെയാണ് താഴേക്ക് വീണത്.  ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി റോഡില്‍ വീണ മേല്‍ക്കൂര നീക്കി. ഇരുമ്പ് റാഡുകള്‍ മുറിച്ച് മേല്‍ക്കൂര രണ്ടാക്കി മാറ്റി നീക്കം ചെയ്യുകയായിരുന്നു. മേല്‍ക്കൂര പൊളിഞ്ഞിരിക്കുകയാണെന്ന് ജനം മുന്നറിയിപ്പ് നല്‍കിയിട്ടും കോര്‍പ്പറേഷന്‍ ഇടപെട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.