മോഹൻലാലിന്റെ പുതിയ ചിത്രമായ 'തുടരും' റിലീസ് ചെയ്ത് ആഴ്ചകൾ കഴിഞ്ഞിട്ടും ബോക്സ് ഓഫിസിൽ ആധിപത്യം പുലർത്തുന്നത് തുടരുകയാണ്. ഏപ്രിൽ 25 ന് പുറത്തിറങ്ങിയ ചിത്രം കേരളത്തിൽ മാത്രം 100 കോടി കടന്ന് ചരിത്രം സൃഷ്ടിച്ചു. ആഗോളതലത്തിൽ മൊത്ത കളക്ഷൻ 220 കോടി രൂപ കവിഞ്ഞതിനാൽ, ചിത്രത്തിന്റെ തിയേറ്റർ റൺ നീട്ടാൻ നിർമാതാക്കൾ തീരുമാനിച്ചു എന്നാണ് വിവരം. അതുകൊണ്ട് തന്നെ ചിത്രം ഒ.ടി.ടിയിലെത്താൻ വൈകിയേക്കും.
മോഹൻലാലിൻറെ കരിയറിലെ 360-മത്തെ സിനിമയാണിത്. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങിയ സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. വൻ തുകക്കാണ് ഹോട്‍സ്റ്റാർ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ജേക്‍സ് ബിജോയ്‍ ആണ് ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചത്. തരുൺ മൂർത്തിയും കെ. ആർ. സുനിലും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബിനു പപ്പു, മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ഇർഷാദ് അലി, കൃഷ്‌ണ പ്രഭ, തോമസ് മാത്യു, അമൃത വർഷിണി, അബിൻ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്