ആദ്യ പ്രദർശനത്തിന്റെ സുവർണജൂബിലി ആഘോഷിക്കാനൊരുങ്ങുന്ന ഷോലെയുടെ 4k പതിപ്പ് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നു. തുടർച്ചയായി നിറഞ്ഞ സദസ്സിൽ അഞ്ചുവർഷം ദിവസേന മൂന്ന് ഷോ വീതം പ്രദർശിപ്പിച്ച ചിത്രമാണ് ഷോലെ. 1975 ഓഗസ്റ്റ് 15 ന് പുറത്തിറങ്ങിയ ചിത്രം അടിയന്തരാവസ്ഥ ആരംഭിച്ച് അമ്പത് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് റിലീസിനെത്തിയത്.
അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, സഞ്ജീവ് കുമാർ, അംജദ് ഖാൻ, ജയ ബച്ചൻ, ഹേമ മാലിനി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനെ ചെയ്തത് രമേശ് സിപ്പിയായിരുന്നു.
ഇറ്റലിയിലെ ഇൽ സിനിമ റിട്രോവാറ്റോ ഫെസ്റ്റിവലിൽ ഷോലെയുടെ ആറ് മിനിറ്റ് അധികമുള്ള താക്കൂർ ഗബ്ബറിനെ കൊല്ലുന്ന രംഗവും കൂടി ഉൾപ്പെടുത്തി പ്രദർശിപ്പിച്ചിരുന്നു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനും സിപ്പി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ഇപ്പോൾ ഫിലിം റീസ്റ്റോർ ചെയ്ത് 4Kയിൽ പ്രദർശനത്തിനെത്തിക്കുന്നത്.
ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (TIFF) 50-ാമത് എഡിഷനിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. 2025 സെപ്റ്റംബർ 6 ന് റോയ് തോംസൺ ഹാളിൽ പ്രദർശനം നടക്കുമെന്ന് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ അറിയിച്ചു.