ഗുജറാത്തില്‍ ആക്രമണത്തിനിരയായ ദളിത് യുവാവ് കൊല്ലപ്പെട്ടു. വ്യാപാരിയുടെ മകനെ 'ബേട്ടാ' (മകന്) എന്ന് വിളിച്ചതിന്റെ പേരില്‍ ആക്രമണത്തിനിരയായ 20കാരനായ നിലേഷ് റത്തോഡ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിലേഷ് മരണത്തിന് കീഴടങ്ങി.
ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ മെയ് പതിനാറിനായിരുന്നു സംഭവം നടന്നത്. നിലേഷും സുഹൃത്തുക്കളായ ലളിത് ചൗഹാന്, ഭാവേഷ് റത്തോഡ്, സുരേഷ് വാല എന്നിവരും ചേര്‍ന്ന് അമ്രേലിയിലെ ശവര്‍കുന്ദലയിലുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു. ഇതിനിടെ വ്യാപാരിയുടെ മകനെ നിലേഷ് ബേട്ടാ എന്ന് വിളിച്ചു. ഇത് വ്യാപാരിയെ ചൊടിപ്പിക്കുകയും നിലേഷിനേയും സുഹൃത്തുക്കളേയും വ്യാപാരിയും സഹായികളും ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലേഷിനെ ഭാവ്നഗറിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ നിലേഷ് മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയുമുണ്ട്.
സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ ജിഗ്നേഷ് മേവാനി അടക്കമുള്ളവര്‍ നിലേഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. നിലേഷിന് നീതി തേടി കുടുംബാംഗങ്ങള്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് ജിഗ്നേഷ് മേവാനി പിന്തുണ നല്‍കിയിരുന്നു. കുടുംബത്തിന് നീതി വേണമെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.