തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

06:37 AM Jul 22, 2025 |


മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പൊലീസിന്റെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.


വിഎസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തുന്നവര്‍ പുളിമൂട്, ഹൗസിംഗ് ബോര്‍ഡ് ജങ്ഷന്‍, രക്തസാക്ഷി മണ്ഡപം എന്നിവടങ്ങളില്‍ ഇറങ്ങിയ ശേഷം ദര്‍ബാര്‍ ഹാളിലേക്ക് പോകണം. പൊതുദര്‍ശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങള്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ്, വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി പാര്‍ക്കിംഗ് ഗ്രൗണ്ട്, ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയം ഗ്രൗണ്ട്, ടാഗോര്‍ തിയേറ്റര്‍ ഗ്രൗണ്ട്, തൈക്കാട് പിറ്റിസി ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാര്‍ക്ക് ചെയ്യണം. വലിയ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്ര ഗ്രൗണ്ടിലും, കവടിയാറിലെ സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടിലും, പൂജപ്പുര ഗ്രൗണ്ടിലുമായി പാര്‍ക്ക് ചെയ്യണം. ഇവിടെയല്ലാതെ പ്രധാന റോഡിലും ഇടറോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.

പാര്‍ക്കിംഗ് സ്ഥലങ്ങളിലല്ലാതെ പ്രധാന റോഡിലും ഇടറോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. വിലാപയാത്ര കടന്നു പോകുന്ന സെക്രട്ടറിയേറ്റ്, പിഎംജി, പട്ടം, കേശവദാസപുരം, ഉളളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം , പാങ്ങപ്പാറ, കാര്യവട്ടം , കഴക്കൂട്ടം, വെട്ട്‌റോഡ് വരെയുളള റോഡിന്റെ വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. വിലാപയാത്ര കടന്ന് പോകുന്ന സമയത്ത് ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ വാഹന ഗതാഗതം വഴി തിരിച്ച് വിടുമെന്നും പൊലീസിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു