പി വി സതീഷ് കുമാർ
ശബരിമല : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പി.എസ് പ്രശാന്തിന് രണ്ടാമൂഴത്തിന് സാധ്യതയേറുന്നു. പ്രസിഡണ്ടായി ചുമതലയേറ്റ ശേഷമുള്ള വിജയകരമായ പ്രവർത്തനം അടിസ്ഥാനപ്പെടുത്തിയാണ് രണ്ടാമൂഴത്തിന് പ്രശാന്തിന് സാധ്യതയേറുന്നത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണം ഏറെ വർദ്ധിച്ചിട്ടും തീർത്ഥാടന കാലം പരാതി രഹിതമാക്കുവാൻ മുമ്പിൽ നിന്ന് പ്രവർത്തിച്ചു എന്നതും പരിഗണിക്കപ്പെടുന്നു. ഈ സീസണിൽ ശബരിമലയിൽ എത്തിയ പ്രതിപക്ഷ നേതാവ് അടക്കമുള്ള രാഷ്ട്രീയ കക്ഷി നേതാക്കൾ പോലും ദേവസ്വം ബോർഡിൻ്റെ മികച്ച പ്രവർത്തനത്തെ പ്രകീർത്തിച്ചിരുന്നു.
2023 ലെ മണ്ഡലകാലാരംഭത്തിന് കേവലം രണ്ട് ദിനം ബാക്കി നിൽക്കെ നവംബർ 13നാണ് പ്രസിഡണ്ടായി പ്രശാന്ത് ചുമതലയേറ്റത്. എങ്കിലും പ്രസിഡണ്ട് എന്ന നിലയിൽ ഭേദപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷക്കാലമായി കാര്യങ്ങൾ പഠിച്ച് ചിട്ടയായ പ്രവർത്തനത്തിലൂടെ പദ്ധതികൾ നടപ്പിലാക്കാനും ശബരിമല തീർത്ഥാടനം വൻ വിജയമാക്കാനും ഇക്കുറി സാധിച്ചു.
2025 നവംബർ വരെയാണ് പ്രശാന്തിന് കാലാവധി ഉള്ളത്. ആദ്യ പിണറായി സർക്കാർ അധികാരത്തിൽ ഏറുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി ചുമതലയേറ്റ പത്മകുമാറിന് രണ്ടാമൂഴത്തിന് സാധ്യത കൽപ്പിക്കപ്പെട്ടിരുന്നു. എന്നാൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എ. പത്മകുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വിവാദ പരാമർശമാണ് രണ്ടാമൂഴത്തിന് തടയിടപ്പെട്ടത്.
അതേസമയം ബിജെപിയിൽ നിന്നും സിപിഎമ്മിലേക്ക് എത്തിയ ഒ.കെ വാസുവിന് മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് സ്ഥാനത്തേക്ക് രണ്ടാമത് ഒരു അവസരം കൂടി നൽകുകയും ചെയ്തു. ദേവസ്വം ബോർഡ് പ്രസിഡണ്ട് സ്ഥാനത്തേക്ക് രണ്ടാം വട്ടവും നിയമിതനാകുന്നതിന് മന്ത്രിസഭയുടെ അംഗീകാരം മാത്രമാണ് ആവശ്യം. അടുത്ത മണ്ഡല - മകരവിളക്ക് കാലയളവ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ സീസണിലെ ശബരിമല തീർത്ഥാടനം വിജയകരമാക്കാൻ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നഷ്ടമായ ഹൈന്ദവ വോട്ടുകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരികെ പിടിക്കാം എന്നും സിപിഎം കണക്കുകൂട്ടുന്നുണ്ട്.
ശബരിമലയെ കൂടാതെ ബോർഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളുടെയും പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കാൻ പ്രശാന്തിന് ആയിട്ടുണ്ട് എന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ. ഇതെല്ലാം കൂടി കണക്കിലെടുത്താൽ ശബരിമലയിൽ സർക്കാരിന് സൽപേര് നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രശാന്തിന് ഒരു അവസരം കൂടി നൽകുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം ബോർഡ് മന്ത്രി വി.എൻ വാസവനും എതിർപ്പില്ല എന്നതാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട്ട് യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു പ്രശാന്ത്. ഭക്ഷ്യമന്ത്രി ജി ആർ അനിലിനോട് മത്സരിച്ചാണ് പരാജയപ്പെട്ടത്. തുടർന്ന് തനിക്കെതിരെ കോൺഗ്രസിൽ നീക്കം നടക്കുന്നു എന്ന് ആരോപിച്ച് പാർട്ടി വിട്ട് സി പി എമ്മിൽ എത്തുകയായിരുന്നു. പിന്നീട് കർഷക സംഘം ജില്ല വൈസ് പ്രസിഡൻ്റായി ചുമതലയേറ്റു. ഇതിന് ശേഷമാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് എത്തിയത്.