മാനവ സൗഹൃദത്തിന്റെ ഉദാത്തമായ ഉദാഹരണമാണ് തത്വമസി സന്ദേശം അരുളുന്ന ശബരിമല സന്നിധാനവും പതിനെട്ടാം പടിക്ക് താഴെയുള്ള വാവര് സ്വാമിനടയും. ശബരിമലയിലെത്തുന്ന ഭക്തര്‍ അയ്യപ്പസ്വാമിയെ കാണാന്‍ പതിനെട്ടാംപടി ചവിട്ടുന്നത് വാവര് സ്വാമിയെ വണങ്ങിയതിന് ശേഷമാണ്. അയ്യപ്പന്റെ ഉറ്റ സ്നേഹിതനും അംഗരക്ഷകനുമായിരുന്ന വാവര് സ്വാമി ശബരിമലയിലെത്തുന്ന അനന്തകോടി അയ്യപ്പന്മാരെ ഇന്നും സംരക്ഷിച്ചു പോരുന്നു എന്നാണ് വിശ്വാസം.
വില്ലാളി വീരനായ അയ്യപ്പനും സിദ്ധനായ വാവര് സ്വാമിയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും പ്രതീകമാണെന്ന് വാവരുനടയിലെ മുഖ്യകർമ്മിയും വാവരുടെ പിന്‍തലമുറക്കാരനുമായ കെ എസ് നൗഷറുദ്ധീൻ മുസലിയാർ പറഞ്ഞു. സന്നിധാനത്ത് എത്തുന്നവർ അയ്യപ്പനൊപ്പം വാവരുസ്വാമിയേയും ആരാധിക്കുന്നു. ഇരുവരും തമ്മിലുള്ള കൂട്ട് കാലങ്ങൾക്കും പിരിക്കാൻ കഴിയാത്തതാണ്.
കൽക്കണ്ടവും, കുരുമുളകുമാണ് വാവര് നടയിലെ പ്രസാദം. മുഖ്യകർമ്മി പ്രാർത്ഥിച്ച് നൽകുന്ന ഭസ്മവും ചരടുകളും ഏലസ്സുകളും ഇവിടെയുണ്ട്. വാവരുടെ ഉടവാള്‍ സൂക്ഷിച്ചിരിക്കുന്നതിന് സമീപത്ത് ഇരുന്നാണ് കർമ്മി ഭക്തര്‍ക്ക് പ്രസാദം നല്‍കുന്നത്.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വായ്പ്പൂര്‍ വെട്ടപ്ലാക്കല്‍ കുടുംബത്തിലെ തലമുതിര്‍ന്ന അംഗമാണ് വാവരുടെ പ്രതിനിധിയും മുഖകര്‍മ്മിയുമായി വാവര് നടയിലുള്ളത്. വാവര് നടയിൽ കർമ്മാദികൾ ചെയ്യുന്നതിനും നടയുടെ പരിപാലനത്തിനുമുള്ള അവകാശവും ഇവർക്കാണ് നൽകിയിട്ടുള്ളത്.