പാർക്കിങ്ങിൽ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടോ? 'ലെറ്റ് മി ഗോ'യുണ്ട്

09:55 AM Sep 09, 2025 |


പാര്‍ക്കിങ് ബുദ്ധിമുട്ടുകള്‍ ഇനി തലവേദനയാവില്ല ? ലെറ്റ് മി ഗോ നിങ്ങളെ സഹായിക്കും. ഗതാഗതതടസ്സം സൃഷ്ടിച്ച് പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ക്ക് പൂട്ടിടാന്‍ ടെക്നോപാര്‍ക്കിലെ റിച്ച് ഇന്നൊവേഷന്‍ ടെക്നോളജി വികസിപ്പിച്ച യൂട്ടിലിറ്റി ആപ്ലിക്കേഷനാണ് 'ലെറ്റ് മി ഗോ'. മറ്റുള്ളവര്‍ക്കു തടസ്സമുണ്ടാക്കി പാര്‍ക്ക് ചെയ്യുന്ന വാഹനത്തിന്റെ ഉടമയെ ലെറ്റ് മി ഗോയിലൂടെ ഉടനടി വിവരമറിയിക്കാം.

സാധാരണയായി അശാസ്ത്രീമായി പാര്‍ക്ക് ചെയ്യുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഗ്രൂപ്പുകളിലുള്‍പ്പെടെ പങ്കുവെച്ചാണ് ഉടമകളെ വിവരം ധരിപ്പിക്കുന്നത്. ഈ അശാസ്ത്രീയ സമീപനം പൂര്‍ണമായും ഒഴിവാക്കി സാങ്കേതികമായി പരിഹാരം കാണുകയെന്നതാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. തെറ്റായി പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ നമ്പര്‍ ആപ്പില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ വാഹന ഉടമയുടെ പേരും നമ്പറും ലഭിക്കും. സുരക്ഷയുടെ ഭാഗമായി മൊബൈല്‍ നമ്പര്‍ മറച്ചുവെച്ചിട്ടുണ്ടെങ്കില്‍ ആപ്പിലൂടെ അവര്‍ക്കു നേരിട്ടു സന്ദേശമയയ്ക്കാനും ഫോണ്‍ ചെയ്ത് വിവരമറിയിക്കാനും വാഹനത്തിന്റെ ചിത്രമുള്‍പ്പെടെ അയയ്ക്കാനും കഴിയുമെന്നതാണ് മേന്മ.

www. letmegoo.com എന്ന വെബ്സൈറ്റിലൂടെയും ആപ് സ്റ്റോറിലൂടെയും ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും. റിച്ച് ഇന്നൊവേഷന്‍ ടെക്നോളജിയുടെ സിഇഒ ആയ റിചിന്‍ ചന്ദ്രനാണ് ഇത്തരമൊരു ആശയത്തിനു പിന്നില്‍. ടെക്നോപാര്‍ക്കിനെ പാര്‍ക്കിങ് സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിചിന്‍ ആശയത്തിനു തുടക്കമിട്ടത്. പിന്നീട് എല്ലാവര്‍ക്കും ഉപയോഗിക്കാനാകുന്ന രീതിയില്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുകയായിരുന്നു. ഇന്ത്യയിലെവിടെയും ഉപയോഗിക്കാമെന്ന രീതിയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം. എന്നാല്‍, രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കു മാത്രമേ ആപ്പിന്റെ സേവനം ഉപയോഗപ്പെടാത്താനാകൂ.