+

സിറിയക്ക് മേലുള്ള ഉപരോധങ്ങള്‍ അവസാനിപ്പിക്കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു

പുതിയ സിറിയന്‍ ഭരണകൂടത്തിന്റെ മേലുള്ള നിരീക്ഷണം അമേരിക്ക തുടരും

സിറിയക്ക് മേല്‍ വര്‍ഷങ്ങളായി അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന വ്യാപാര-സാമ്പത്തിക ഉപരോധങ്ങള്‍ അവസാനിപ്പിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ചുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. സിറിയയെ സമാധാനത്തിന്റെയും സ്ഥിരതയുടെയും പാതയിലേക്ക് കൊണ്ടുവരാന്‍ അമേരിക്കയുടെ പിന്തുണയുണ്ടാകും എന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

എന്നാല്‍ പുതിയ സിറിയന്‍ ഭരണകൂടത്തിന്റെ മേലുള്ള നിരീക്ഷണം അമേരിക്ക തുടരും. ഇസ്രയേലുമായുള്ള ബന്ധം, ഭീകരവാദം, പലസ്തീന്‍ സംഘടനകള്‍ എന്നിവരുമായുള്ള ബന്ധവുമാകും തുടര്‍ന്നും നിരീക്ഷണത്തിലുണ്ടാകുക. മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്, അദ്ദേഹത്തിന്റെ സഹായികള്‍, ഇസ്ലാമിക്ക് സ്റ്റേറ്റ്, ഇറാന്‍ പ്രോക്‌സി സംഘടനകള്‍ എന്നിവര്‍ക്ക് മേലുള്ള ഉപരോധങ്ങള്‍ തുടരുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ നീക്കം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് കാരണമാകുമെന്നും, രാജ്യാന്തര സമൂഹത്തിന് മുന്‍പാകെ സിറിയയെ തുറന്നുനല്‍കുമെന്നും സിറിയന്‍ വിദേശകാര്യമന്ത്രി അസാദ് അല്‍ ഷിബാനി പറഞ്ഞു.

സിറിയയിലെ ഭരണമാറ്റത്തിന് ശേഷം അമേരിക്കന്‍ ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്ന് ട്രംപ് വാക്കുനല്‍കിയിരുന്നു. ഉപരോധങ്ങള്‍ സിറിയയെ മോശം നിലയിലാക്കിയെന്നും ഇനി സിറിയ തെളിയിക്കട്ടെ എന്നുമായിരുന്നു ട്രംപിന്റെ നിലപാട്. 

facebook twitter