തെഹ്റാൻ. യു.എസിൽ നടക്കുന്ന പ്രതിഷേധങ്ങൾ ഇല്ലാതാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഈ. സ്വന്തം രാജ്യത്ത് തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ ഇല്ലാതാക്കി കഴിവു തെളിയിക്കൂ എന്നാണ് ട്രംപിനോട് ഖാംനഈ ആവശ്യപ്പെട്ടത്. ഡോണൾഡ് ട്രംപിന്റെ ഏകാധിപത്യ പ്രവണതകൾക്കും അഴിമതിക്കുമെതിരെയാണ് യു.എസിലുടനീളം പ്രതിഷേധം നടക്കുന്നത്.
''താങ്കൾക്ക് കഴിവുണ്ടെങ്കിൽ അവരെ ശാന്തരാക്കൂ. എന്നിട്ട് അവരെ തിരിച്ച് വീടുകളിലേക്ക് തിരിച്ചയക്കൂ. മറ്റുരാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കൂ''എന്നാണ് ഖാംനഈ ചൊവ്വാഴ്ച എക്സിൽ കുറിച്ചത്. 'റിപ്പോർട്ടുകൾ പ്രകാരം ഏഴ് ദശലക്ഷം ജനങ്ങൾ നിരവധി അമേരിക്കൻ സംസ്ഥാനങ്ങളിലായി ഈ വ്യക്തിക്കെതിരെ പ്രതിഷേധിക്കുന്നുണ്ട്. നിങ്ങൾക്ക് ശരിക്കും കഴിവുണ്ടെങ്കിൽ നിങ്ങളുടെ സ്വന്തം ആളുകൾ ശാന്തരായിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. മറ്റ് രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടരുത്' -ഖാംനഈ എക്സിൽ കുറിച്ചു. സാൻഫ്രാൻസിസ്കോയിലും ന്യൂയോർക്കിലും ലോസ് ആഞ്ജൽസിലുമുൾപ്പെടെ നിരവധി യു.എസ് സംസ്ഥാനങ്ങളിൽ ട്രംപിനെതിരെ നടക്കുന്ന 'നോ കിങ്' പ്രതിഷേധങ്ങളുടെ ചിത്രങ്ങളും ഖാംനഈ പങ്കുവെച്ചിട്ടുണ്ട്.