യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തില്ലെന്ന് ഇന്ത്യ ഉറപ്പ് നൽകി : ട്രംപ്

06:22 PM May 15, 2025 |


വാഷിങ്ടൺ: യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവൻ ഉൽപന്നങ്ങൾക്കും തീരുവ കുറക്കുമെന്ന് ഇന്ത്യ ഉറപ്പ് നൽകിയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഖത്തർ സന്ദർശനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പരാമർശം. ഒരു തീരുവയും ചുമത്താത്ത രീതിയിലുള്ള കരാറിനുള്ള സന്നദ്ധത ഇന്ത്യ അറിയിച്ചുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

അതേസമയം, ഇന്ത്യയുമായുള്ള കരാറിലെ കൂടുതൽ വിവരങ്ങൾ ട്രംപ് പുറത്ത് വിട്ടിട്ടില്ല. ആപ്പിൾ ഇന്ത്യയിലെ ഉൽപാദനം വ്യാപിപ്പിക്കുന്നതിലെ അതൃപ്തി സി.ഇ.ഒ ടിം കുക്കിനെ നേരിട്ട് അറിയിച്ചുവെന്നും ട്രംപ് പറഞ്ഞു. ആപ്പിൾ യു.എസിലെ ഉൽപാദനം വർധിപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം, യു.എസിനെതിരെ പകരച്ചുങ്കം ചുമത്തുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇന്ത്യൻ ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തിയ യു.എസിനെതിരെ ബദൽ ചുങ്കവുമായി ഇന്ത്യ രംഗത്തെത്തിയത്. യു.എസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉൽപന്നങ്ങൾക്ക് അധിക നികുതി ചുമത്തുമെന്ന് ലോക വ്യാപാര സംഘടനക്ക് നൽകിയ കത്തിൽ പറയുന്നു.

ഈ വർഷാദ്യം അധികാരത്തിലെത്തിയ ഉടൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയടക്കം രാജ്യങ്ങൾക്കുമേൽ വൻ തീരുവ പ്രഖ്യാപിച്ചിരുന്നു. 2018ൽ ആദ്യ ഊഴത്തിൽ പ്രഖ്യാപിച്ചതിന് സമാനമായിട്ടായിരുന്നു തീരുവ പ്രഖ്യാപനം.