+

ഛത്തീസ്ഗഢില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് പൊലീസ് നടപടി.

ഛത്തീസ്ഗഢില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തലശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് പൊലീസ് നടപടി.

ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ച് ഇവരെ തടഞ്ഞു വക്കുകയായായിരുന്നു. ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ആണ് സംഭവം. ആഗ്രയിലെ ഫാത്തിമ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇവര്‍ ജോലികള്‍ക്കായി മൂന്നു പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു.

റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടികളെ സിസ്റ്റര്‍മാര്‍ കാത്ത് നില്‍ക്കുകയായിരുന്നു. ഇതിനിടെ ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചെങ്കിലും പ്ലാറ്റ് ഫോം ടിക്കറ്റില്ലായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് തങ്ങളെ കൂട്ടാന്‍ സിസ്റ്റര്‍മാര്‍ എത്തുന്നുണ്ടെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞത്. എന്നാല്‍ ഇത് ടിടിഇ വിശ്വാസത്തിലെടുത്തില്ല. തുടര്‍ന്ന് പ്രാദേശിക ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇത് മനുഷ്യക്കടത്തുണ്ടെന്നും പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി കൊണ്ടുപോവുകയാണെന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. റെയില്‍വേ സ്റ്റേഷനില്‍ വലിയ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

രണ്ട് കന്യാസ്ത്രീകളും ഒരു സഹായിയും ആയിരുന്നു ഉണ്ടായിരുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്നും ഒരു ആശുപത്രിയിലെ ജോലിക്കായാണ് എത്തിയതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. കൂടാതെ മാതാപിതാക്കളില്‍ നിന്നുള്ള സമ്മതപത്രവും തിരിച്ചറിയല്‍ രേഖകളും പെണ്‍കുട്ടികള്‍ കാണിച്ചു. എന്നാല്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൂന്ന് പെണ്‍കുട്ടികളെ വനിതാ ക്ഷേമ സംരക്ഷണം സമിതിയുടെ സംരക്ഷണയിലാക്കി.

facebook twitter