‘ഉദയ്പൂർ ഫയൽസ്’ എന്ന ചിത്രത്തിന്റെ രാജ്യവ്യാപകമായ റിലീസിന് പിന്നാലെ നിർമാതാവ് അമിത് ജാനിക്ക് “വധഭീഷണി” ലഭിച്ചതായി റിപ്പോർട്ട്. ഓഗസ്റ്റ് 9 ന് പങ്കിട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, “ഒരു അജ്ഞാത നമ്പറിൽ നിന്ന് ആവർത്തിച്ചുള്ള കോളുകൾ വരുന്നുണ്ടെന്നും, വിളിച്ചയാൾ ബോംബ് ഉപയോഗിച്ച് കൊല്ലുകയോ വെടിവയ്ക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും” ജാനി അവകാശപ്പെട്ടു.വിളിച്ചയാൾ ബീഹാറിൽ നിന്നുള്ള തബ്രെജ് എന്നയാളാണെന്ന് സ്വയം പരിചയപ്പെടുത്തിയതായും ജാനി ആരോപിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു.
2022-ൽ രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യ ലാൽ കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ‘ഉദയ്പൂർ ഫയൽസ്’. മുൻ ബിജെപി നേതാവ് നൂപുർ ശർമ്മയെ പിന്തുണച്ചുവെന്നാരോപിച്ചാണ് കനയ്യ ലാൽ പട്ടാപ്പകൽ കൊല്ലപ്പെട്ടത്. ഈ ക്രൂരമായ പ്രവൃത്തി രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും തീവ്രവാദത്തെക്കുറിച്ച് വീണ്ടും ചർച്ചകൾ ഉയർത്തുകയും ചെയ്തിരുന്നു. ഈ കേസിൽ പ്രതികളായ മുഹമ്മദ് റിയാസ് അത്താരിയും ഗൗസ് മുഹമ്മദും നിലവിൽ ജയ്പൂരിലെ എൻഐഎ കോടതിയിൽ വിചാരണ നേരിടുകയാണ്.