ഡൽഹി: ഗർഭസ്ഥ ശിശുവിന്റെ ലിംഗഭേദം വെളിപ്പെടുത്തിയ കേസിൽ ഡോക്ടർക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കി ഡൽഹി ഹൈക്കോടതി. മെഡിക്കൽ പ്രാക്ടീഷണർ നടത്തിയ പ്രീ ഡയഗ്നോസ്റ്റിക് ടെക്നിക്കുകൾ നിയമലംഘനമാണെന്ന് കാണിക്കാൻ ഒന്നുമില്ലെന്ന് കോടതി പറഞ്ഞു.
വനിതാ ഡോക്ടർക്കെതിരെയുള്ള ആരോപണങ്ങൾ അവർ രോഗിയെ അൾട്രാസൗണ്ട് ചെയ്തുവെന്ന വാദത്തിൽ മാത്രമായി ഒതുങ്ങുന്നുവെന്നും ജസ്റ്റിസ് ചന്ദ്ര ധാരി സിങ് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.
2020 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഹരി നഗർ അൾട്രാസൗണ്ട് സെൻ്ററിൽ ‘സ്റ്റിംഗ് ഓപ്പറേഷന്റെ’ ഭാഗമായി ഡോക്ടർ രോഗിക്ക് അൾട്രാസൗണ്ട് നടത്തിയെന്നായിരുന്നു പ്രാഥമിക ആരോപണം. ജസ്റ്റിസ് ചന്ദ്ര ധാരി സിങ്, പുറപ്പെടുവിച്ച വിധിയിൽ മെഡിക്കൽ പ്രാക്ടീഷണർ ഏതെങ്കിലും നിയമ വ്യവസ്ഥകൾ ലംഘിച്ചതിന് കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നാണ് പറയുന്നത്.