സർവാഭീഷ്ടസിദ്ധിക്ക് വീട്ടിൽ തന്നെയുണ്ട് വഴി ; ഇങ്ങനെ ചെയ്താൽ മതി

03:48 PM Aug 02, 2025 | Kavya Ramachandran

 ലക്ഷ്മീ ദേവിയുടെ പ്രതിരൂപമാണ് തുളസി. പൂജാപുഷ്പങ്ങളിൽ പ്രധാനിയും വളരെയധികം ഔഷധഗുണമുള്ളതുമായ സസ്യമാണ് തുളസി.സർവേശ്വരന്മാർ കുടികൊള്ളുന്ന തുളസിച്ചെടിയെ വീടിന്റെ മുൻഭാഗത്തു തറകെട്ടി അതിൽ പരിപാലിച്ചു പോരുന്നത് കുടുംബൈശ്വര്യത്തിനു കാരണമാകുമെന്നാണ് വിശ്വാസം.

പണ്ട് കാലങ്ങളിൽ വീടുപണി പൂർത്തീകരിക്കുന്നതിനോടൊപ്പം വാസ്തുവിദഗ്ദനെകൊണ്ട് സ്ഥാനം നോക്കി തുളസിത്തറയും നിർമ്മിക്കുമായിരുന്നു. അന്നൊക്കെ അലങ്കാരത്തെക്കാൾ ഉപരി ഒരു ആചാരമായി അത് കരുതിപ്പോന്നിരുന്നു. പ്രഭാതത്തിൽ കുളികഴിഞ്ഞ ശേഷം ഭക്തിയോടെ തുളസിത്തറയെ മൂന്ന് തവണ പ്രദക്ഷിണം വയ്ക്കുന്നത് സർവാഭീഷ്ടസിദ്ധിക്ക് ഉത്തമമാണെന്ന് പറയപ്പെടുന്നു.    

പ്രദക്ഷിണം വയ്ക്കുമ്പോൾ താഴെപറയുന്ന മന്ത്രം ജപിക്കാം

"പ്രസീദ തുളസീ ദേവി 

പ്രസീദ ഹരി വല്ലഭേ

ക്ഷീരോദമഥനോദ്ഭൂതേ തുളസീ

ത്വം നമാമ്യഹം"    

പകൽമുഴുവൽ സൂര്യപ്രകാശം തുളസിത്തറയിൽ ഏൽക്കണമെന്നാണു ശാസ്ത്രം. തുളസിത്തറയുടെ പരിസരം ശുദ്ധമായി സംരക്ഷിക്കണം. തുളസിച്ചെടി ഉണങ്ങുന്നതു ദോഷമായതിനാൽ രണ്ടുനേരവും നനയ്ക്കണം. സന്ധ്യയ്ക്ക് തുളസിത്തറയില്‍ വിളക്കു തെളിയിക്കുന്നത് ശ്രേഷ്ഠമാണ്. ഏകാദശി, ചൊവ്വ, വെള്ളി എന്നീ ദിനങ്ങളിലും സന്ധ്യാസമയത്തും രാത്രികാലങ്ങളിലും തുളസി പറിക്കാന്‍ പാടില്ല.   


കൃഷ്ണതുളസിയാണ്  തുളസിത്തറയിൽ നടേണ്ടത് . തുളസിയില്‍ തട്ടിവരുന്ന കാറ്റിൽ  ധാരാളം പ്രാണോര്‍ജം അടങ്ങിയിട്ടുണ്ട്. വീടിന്റെ മുൻഭാഗത്താണ് തുളസിത്തറ വരേണ്ടത്.തുളസിത്തറയുടെ ഉയരം ഗൃഹത്തിന്റെ തറനിരപ്പിനേക്കാൾ ഉയരത്തിലാവാൻ പാടില്ല . കൂടാതെ തുളസിത്തറയുടെ മധ്യവും പ്രധാനവാതിലിന്റെ മധ്യവും നേർരേഖയിൽ ആവരുത്.