കാസർകോട്: പത്തുവയസ്സുള്ള ആൺകുട്ടിയെ വിളിച്ചു കൊണ്ടു പോയി ഇടവഴിയിൽ വച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിലെ പ്രതിയെ 107 വർഷം കഠിന തടവിനും നാലരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 18 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
കാസർകോട്, കൂഡ്‌ലു, പെരിയടുക്കയിലെ ജഗന്നാഥൻ എന്ന ജഗ(41)നെയാണ് വിവിധ വകുപ്പുകൾ പ്രകാരം കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.2020 ആഗസ്ത് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കൂലിപ്പണിക്കാരനായ പ്രതി പത്തു വയസുകാരനെ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കാസർകോട് ടൗൺ പൊലീസാണ് കേസെടുത്തത്. ഇൻസ്‌പെക്ടർ ആയിരുന്ന പി. രാജേഷാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ പ്രിയ ഹാജരായി.