വെള്ളപ്പൊക്ക ഭീതിയിൽ അപ്പർ കുട്ടനാട്

09:53 PM Jul 26, 2025 |


തിരുവല്ല : വെള്ളപ്പൊക്ക ഭീതിയിൽ അപ്പർ കുട്ടനാട്. കഴിഞ്ഞ ഒന്നര മാസക്കാലത്തിനിടെ ഉണ്ടായ മൂന്ന് വെള്ളപ്പൊക്കങ്ങൾക്ക് ശേഷം നാലാമത് ഒരു വെള്ളപ്പൊക്കം കൂടി ഉണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. നഗരസഭയിൽ ഉൾപ്പെടുന്ന തിരുമൂലപുരത്തെ മംഗലശ്ശേരി, അടുമ്പട, ആറ്റുമാലി , ഞവനാകുഴി, പെരിങ്ങര, കടപ്ര , നിരണം എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുമാണ് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നത്. 

പ്രദേശത്തുകൂടി ഒഴുകുന്ന പമ്പ, മണിമല നദികളിലെ ജലനിരപ്പ് അനുനിമിഷം ഉയരുകയാണ്. തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രം തോട്ടടി പടിയിൽ റോഡിലേക്ക് വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. പെരിങ്ങര, നെടുമ്പ്രം, നിരണം എന്നീ പഞ്ചായത്തുകളുടെ ഒട്ടുമിക്ക റോഡുകളിലും ഗതാഗതം തടസ്സപ്പെടും വിധം വെള്ളം കയറിക്കിടക്കുകയാണ്. മേഖലയിലെ ഗ്രാമീണ റോഡുകൾ ഏതാണ്ട് പൂർണമായും വെള്ളത്തിന് അടിയിലാണ്.