+

തട്ടിപ്പ് കണ്ടെത്തിയെന്നാരോപിച്ച് 2,000 വിസ അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കി ഇന്ത്യയിലെ യുഎസ് എംബസി

തട്ടിപ്പ് നടക്കുന്നതായി ഫെബ്രുവരി 27ന് യുഎസ് എംബസി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

തട്ടിപ്പ് കണ്ടെത്തിയെന്ന് ആരോപിച്ച് 2,000 വിസ അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കി ഇന്ത്യയിലെ യുഎസ് എംബസി. ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ ഷെഡ്യൂളിങ് പ്രിവിലേജ് തല്‍ക്കാലികമായി റദ്ദാക്കിയതായും ഇന്ത്യയിലെ യുഎസ് എംബസി എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. വിസ അപ്പോയിന്‍മെന്റുകളില്‍ ബോട്ടിന്റെ ഇടപെടല്‍ കണ്ടെത്തിയെന്നും ഇത്തരം വഞ്ചനാ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും എംബസി അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വഞ്ചനയോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. തട്ടിപ്പ് വിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും എംബസി വ്യക്തമാക്കുന്നു.

തട്ടിപ്പ് നടക്കുന്നതായി ഫെബ്രുവരി 27ന് യുഎസ് എംബസി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദില്ലി പൊലീസ് വ്യാജ വിസ, പാസ്പോര്‍ട്ട് അപേക്ഷകളെക്കുറിച്ച് അന്വേഷണം തുടങ്ങി ഒരാഴ്ച കഴിയുമ്പോഴാണ് എംബസിയുടെ നടപടി. വിസ അപേക്ഷകളില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചതിന്  31-ലധികം പേര്‍ക്കെതിരെയാണ് ദില്ലി പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഓഗസ്റ്റ് വരെ പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍  പ്രവര്‍ത്തിക്കുന്ന ഏജന്റുമാരാണ് തട്ടിപ്പ് വ്യാപിപ്പിച്ചതെന്നാണ് നിഗമനം. യുഎസ് വിസ ലഭിക്കുന്നതിനായി അപേക്ഷകരും ഏജന്റുമാരും ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, തൊഴില്‍ രേഖകള്‍ എന്നിവയുള്‍പ്പെടെ വ്യാജ രേഖകള്‍ നിര്‍മ്മിക്കാന്‍ ഗൂഢാലോചന നടത്തിയ 21 കേസുകള്‍ പൊലീസ് കണ്ടെത്തി.വ്യാജ രേഖകള്‍ നിര്‍മിക്കാന്‍ അപേക്ഷകരില്‍ നിന്ന് ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ ഈടാക്കിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Trending :
facebook twitter