
സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ വെനസ്വേല ലക്ഷ്യമാക്കി അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ ന്യൂക്ലിയാര്‍ ബോംബര്‍ വിമാനമായ ബി 52 വിമാനങ്ങളാണ് കരീബിയന്‍ മേഖലയിലേക്ക് നീങ്ങുന്നതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്ലെറ്റ് റഡാറില്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുകയും പിന്നാലെ അപ്രത്യക്ഷമാവുകയും ചെയ്ത ഇവ തെക്കന്‍ മേഖലയിലേക്കാണ് നീങ്ങുന്നത്. ഇതിന് പിന്നാലെ ന്യൂക്ലിയാര്‍ ബോംബര്‍ വിമാനങ്ങള്‍ നീങ്ങുന്നത് വെനസ്വേലയിലേക്കാണെന്ന് അവകാശപ്പെടുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് വരുന്നത്. അമേരിക്ക മറ്റൊരു ആക്രമണത്തിന് തുനിയുന്നുവെന്ന സൂചനകളാണ് ഇതിലൂടെ പുറത്ത് വരുന്നത്.
ചൊവ്വാഴ്ച വെനസ്വേലയില്‍ നിന്ന് ലഹരിമരുന്നുമായി എത്തിയ ബോട്ട് അമേരിക്ക ആക്രമിച്ച സംഭവത്തില്‍ 6 പേര് കൊല്ലപ്പെട്ടതായി ഡൊണാള്‍ഡ് ട്രംപ് വിശദമാക്കിയിരുന്നു. വെനസ്വേല തീരത്ത് യുഎസ് സൈന്യം മറ്റൊരു കപ്പലിനെയും ആക്രമിച്ചിരുന്നു. ഇതിലും കപ്പലിലുണ്ടായിരുന്ന ആറ് പേര് കൊല്ലപ്പെട്ടിരുന്നു. ഈ കപ്പലില്‍ ലഹരിമരുന്ന് കടത്തുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു അമേരിക്കയുടെ ആക്രമണം.