+

കളിച്ചില്ലെങ്കിലെന്താ, ഇതിനൊരു കുറവുമില്ല, ഒറ്റ ആംഗ്യത്തിലൂടെ ഓസ്‌ട്രേലിയന്‍ ആരാധകരുടെ വായടപ്പിച്ച് കോഹ്ലി

ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനം നടത്തിയ വിരാട് കോഹ്ലി ചില വിവാദ പ്രവര്‍ത്തികളിലൂടെ ശ്രദ്ധനേടിയാണ് നാട്ടിലേക്ക് മടങ്ങുന്നത്.

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനം നടത്തിയ വിരാട് കോഹ്ലി ചില വിവാദ പ്രവര്‍ത്തികളിലൂടെ ശ്രദ്ധനേടിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഓസീസ് യുവതാരം സാം കോണ്‍സ്റ്റാസുമായി ഉരസിയ കോഹ്ലിക്ക് പിഴ ശിക്ഷയും ലഭിച്ചു. ആദ്യ കളിയിലെ സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ പിന്നീടുള്ള ടെസ്റ്റുകളില്‍ ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്നാണ് കോഹ്ലിയുടെ മോശം പ്രകടനം.

ബാറ്റിങ്ങിലെ മോശം പ്രകടനത്തിനിടെയും കളിക്കളത്തില്‍ അമിതാവേശത്തിന് കോഹ്ലി കുറവൊന്നും കാണിച്ചില്ല. സൂപ്പര്‍താരത്തോട് കൂവി വിളിച്ചാണ് ഓസീസ് കാണികള്‍ പ്രതികരിച്ചത്. എന്നാല്‍, സിഡ്‌നി ടെസ്റ്റിനിടെ ഓസീസ് കാണികളുടെ വായടപ്പിക്കുന്ന ആംഗ്യവുമായി കോഹ്ലി വീണ്ടും ശ്രദ്ധനേടി.

ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റതിനാല്‍ ഞായറാഴ്ച കളത്തില്‍ ഇന്ത്യന്‍ താരങ്ങളെ നയിക്കാനുള്ള ചുമതല കോഹ്ലിക്കായിരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച കുപ്രസിദ്ധമായ 'സാന്‍ഡ്‌പേപ്പര്‍' വിവാദത്തിന്റെ ആംഗ്യം കാട്ടിയ കോഹ്ലി ഓസീസ് ആരാധകരെ നിശബ്ദരാക്കി. തന്റെ രണ്ട് കീശയും തുറന്നുകാട്ടിയായിരുന്നു കോഹ്ലിയുടെ ആംഗ്യം.

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെ ക്രിക്കറ്റ് ഓസ്ട്രേലിയ 2018-ലെ സാന്‍ഡ്‌പേപ്പര്‍ വിവാദത്തില്‍ വിലക്കിയിരുന്നു. പന്ത് സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് മിനുസപ്പെടുത്തി എന്നതായിരുന്നു കുറ്റം.

വിവാദങ്ങള്‍ക്ക് കുറവുണ്ടായില്ലെങ്കിലും പരമ്പര ഓസീസിന് അടിയറവെച്ചാണ് ഇന്ത്യ മടങ്ങുന്നത്. നിര്‍ണായകമായ സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ 157 റണ്‍സിന് പുറത്തായതോടെ ആതിഥേയര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസ്ട്രേലിയ 162 റണ്‍സ് വിജയലക്ഷ്യം മറികടന്ന് പരമ്പരയും ടെസ്റ്റ് ലോകകിരീടത്തിനായുള്ള ഫൈനല്‍ സ്ഥാനവും ഉറപ്പിച്ചു.

facebook twitter