തൃശൂർ : കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന പരാതിയിൽ അന്വേഷണം. കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം. എ.സി.പി സലീഷ് ശങ്കറാണ് അന്വേഷിക്കുക.
വിഷയത്തിൽ നിയമോപദേശം തേടുമെന്ന് സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു. കേസെടുക്കാനാകുമോ, തുടർ നടപടികൾ എന്തൊക്കെ എന്നെല്ലാമാണ് നിയമോപദേശം തേടുന്നത്.
ഡി.സി.സി അധ്യക്ഷൻ ജോസഫ് ടാജറ്റ്, മുൻ എം.പി ടി.എൻ. പ്രതാപൻ, മുൻ എം.എൽ.എ അനിൽ അക്കര എന്നിവർ നേരിട്ടെത്തിയാണ് തൃശ്ശൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലെ വ്യാജ വോട്ടും ക്രമക്കേടുമെല്ലാം പരാതിയിൽ ഉന്നയിച്ചിരിക്കുന്നു. മണ്ഡലങ്ങളിൽ നിന്നുള്ളവരുടെ വോട്ടുകൾ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലേക്ക് കൂട്ടത്തോടെ മാറ്റിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് പരാതിയിൽ പറയുന്നു.