+

വി.എസിന്റെ ഭൗതികശരീരം ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിച്ചു

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര 22 മണിക്കൂറോളം പിന്നിട്ടാണ് ജന്മനാട്ടിലെത്തിയത്.

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര 22 മണിക്കൂറോളം പിന്നിട്ടാണ് ജന്മനാട്ടിലെത്തിയത്.

കനത്ത മഴയെ അവഗണിച്ചും ആയിരങ്ങളാണ് വി.എസിനെ ഒരുനോക്ക് ​കാണാനായി റോഡിനിരുവശവുമായി അണിനിരന്നത്. അഭൂതപൂർവമായ ജനക്കൂട്ടമാണ് വഴിയോരങ്ങളിൽ പ്രിയ സഖാവിനെ അവസാനമായി കാണാൻ കാത്തുനിന്നത്. ഒഴുകിയെത്തിയ ജനസാഗരങ്ങൾക്കിടയിലൂടെ വിലാപയാത്ര നിശ്ചയിച്ച സമയം കടന്ന വളരെ വൈകിയാണ് ജന്മനാട്ടിലെത്തിയത്.

പ്രത്യേകം തയാറാക്കിയ കെ.എസ്​.ആർ.ടി.സി ബസിൽ ദർബാർ ഹാളിൽ നിന്ന്​ പുന്നപ്രയിലേക്കുള്ള വിലാപയാത്ര ഉച്ചക്ക് 2.15നാണ് ആരംഭിച്ചത്. മകൻ അരുൺകുമാർ, എം.വി. ജയരാജൻ, വി. ജോയി, പുത്തലത്ത്​ ദിനേശൻ എന്നിവരാണ്​ ബസിലുണ്ടായിരുന്നത്​. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധിപേർ അനുഗമിച്ചു.വാഹനം കടന്നുപോകുന്ന ദേശീയപാതക്ക് ഇരുവശവും വി.എസിൻറെ ചിത്രങ്ങളും ​പുഷ്പങ്ങളും ചെ​​​​ങ്കൊടികളുമായി ആയിരങ്ങളാണ്​ കാത്തുനിന്നത്​.

വീട്ടിൽ നിന്ന് നേരെ ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസിലേക്കായിരിക്കും കൊണ്ടുപോകുക. അന്തിമോപചാരം അർപ്പിക്കാൻ അരമണിക്കൂർ സമയമാണ് അവിടെ നിശ്ചിയിച്ചിട്ടുള്ളത്. പിന്നാലെ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം. വൈകിട്ടോടെ വലിയ ചുടുകാട്ടിലാണ്​ സംസ്‌കാരം.

പ്രതീക്ഷിച്ചതിൽ നിന്നും ഏറെ വൈകിയാണ് വിലാപയാത്ര വിവിധ കേന്ദ്രങ്ങൾ പിന്നിട്ടത്​. എ.കെ.ജി സെൻററിലെ പൊതുദർശനത്തിന്​ ശേഷം തിങ്കളാഴ്ച രാത്രി 12 നാണ്​ വി.എസിൻറെ ഭൗതിക ശരീരം മകൻ അരുൺകുമാറിൻറെ ബാർട്ടൺ ഹിൽ ജങ്​ഷനി​ലെ ‘വേലിക്കകത്ത്’​ വീട്ടിലെത്തിച്ചത്​. ഇവിടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമർപ്പിച്ചു.

ചൊവ്വാഴ്​ച രാവിലെ എട്ടരയോടെ മുഖ്യമന്ത്രി പിണറായി വിജയൻ വസതിയിലെത്തി. പിന്നാ​ലെ 9.15 ഓടെ ഭൗതിക ശരീരം പൊതുദർശനത്തിനായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെത്തിച്ചു. പലവട്ടം തിരക്കിട്ട്​ പാഞ്ഞ നിരത്തിലൂടെ വി.എസ്​ അവസാനമായി സെക്രട്ടേറിയറ്റിലേ​ക്ക്​. വലിയ ക്രമീകരണങ്ങളാണ്​ ദർബാർ ഹാളിൽ ഒരുക്കിയിരുന്നത്​.

സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാക്കളായ പ്രകാശ്​ കാരാട്ട്​, വൃന്ദ കാരാട്ട്​, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ അടക്കം നേതാക്കൾ ഇവിടെ എത്തിയിരുന്നു. രാഷ്​ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരടക്കം പതിനായിരങ്ങളാണ്​ അന്തിമോപചാരമർപ്പിച്ചത്​.

facebook twitter