+

'വി എസ് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ സൃഷ്ടിയാണ്': എം എ ബേബി

'ഈ ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഭാഗമായി നടത്തിയ പോരാട്ടങ്ങളിലൂടെയാണ് വി എസുണ്ടായത്

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ സൃഷ്ടിയാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ തികച്ചും അസാധാരണന്‍ എന്ന് സംശയരഹിതമായി വിശേഷിപ്പിക്കാന്‍ കഴിയുന്നയാളാണ് വിഎസെന്നും ജീവിതം മുഴുവന്‍ ഒരു പോരാട്ടമാക്കി മാറ്റിയ ആളാണ് അദ്ദേഹമെന്നും എം എ ബേബി പറഞ്ഞു. വി എസ് അച്യുതാനന്ദന്റെ സംസ്‌കാരത്തിനുശേഷം നടന്ന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഈ ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഭാഗമായി നടത്തിയ പോരാട്ടങ്ങളിലൂടെയാണ് വി എസുണ്ടായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടിച്ചമര്‍ത്തപ്പെടുന്നവരുടെയും ചൂഷണം ചെയ്യപ്പെടുന്നവരുടെയും പാര്‍ട്ടിയാണ്. സഖാവ് വി എസ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് മുതല്‍ക്കൂട്ടാകും എന്ന് കണ്ടുപിടിച്ചത് സഖാവ് പി കൃഷ്ണപിളളയാണ്. എന്നിട്ട് കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കാന്‍ അയച്ചു. അന്ന് കര്‍ഷകത്തൊഴിലാളികള്‍ അടിമകളേക്കാള്‍ അടിമകളേക്കാള്‍ ദയനീയമായ ജീവിതം നയിക്കുന്നവരായിരുന്നു. വഴി നടക്കാന്‍ കഴിയുമായിരുന്നില്ല. കൂലി കൊടുക്കാന്‍ വൈകിയാല്‍ അത് പരാതിപ്പെടുന്നവനെ കൊന്ന് ചെളിയില്‍ ചവിട്ടിത്താഴ്ത്തുന്ന കാലം. അങ്ങനെ ജീവിതം നയിച്ചിരുന്ന കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് നിവര്‍ന്ന് നില്‍ക്കാന്‍ പഠിപ്പിച്ച് അവകാശം ചോദിക്കാന്‍ പഠിപ്പിച്ച്, അവകാശം നിഷേധിച്ചാല്‍ ചെങ്കൊടി നാട്ടി പോരാട്ടത്തിലൂടെ അവകാശം നേടിയെടുക്കാന്‍ കര്‍ഷക തൊഴിലാളിയെ പഠിപ്പിച്ചു എന്നതാണ് സഖാവ് വിഎസിന്റെ ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന സംഭാവന. അടിമകളല്ല ഞങ്ങള്‍, അടങ്ങുകില്ലിനി നമ്മള്‍ എന്ന മുദ്രാവാക്യം വിളിച്ച് കര്‍ഷകത്തൊഴിലാളികള്‍ ഈ ചെങ്കൊടി പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായി വളര്‍ന്നുവന്നതിന് അടിത്തറയിട്ടത് വി എസാണ്'- എം എ ബേബി പറഞ്ഞു.

'ഈ ചെങ്കൊടി പ്രസ്ഥാനം തൊഴിലാളി പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത് രണ്ട് തരത്തിലാണ്. സഖാവ് ഇഎംഎസിനെപ്പോലെ അതിസമ്പന്നമായ ജീവിതസാഹചര്യത്തില്‍, ബ്രാഹ്‌മണ്യത്തിന്റെ, അമിതാധികാരത്തിന്റെ പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്നിട്ട്, ആ സവര്‍ണാധിപത്യത്തോടും ജന്മിതത്തോടും യുദ്ധം പ്രഖ്യാപിച്ച്, അവരുമായുളള ബന്ധം വിച്ഛേദിച്ച് തൊഴിലാളി വര്‍ഗത്തിന്റെ ദത്തുപുത്രന്മാരായി മാറി ഒരുവിഭാഗത്തുളളവര്‍. മറുവശത്ത് തൊഴിലാളി വര്‍ഗ ചുറ്റുപാടില്‍ ജനിച്ചുവളര്‍ന്ന് പഠിക്കാനുളള അവസരം പോലും കിട്ടാതെ കോളേജില്‍ പോകാനുളള അവസരം പോലും കിട്ടാതെ നിന്നവര്‍. ജനങ്ങളുടെ ജീവിതമാകുന്ന സര്‍വകലാശാലയില്‍ നിന്ന് പഠിച്ച് ഉന്നതസ്ഥാനങ്ങളിലേക്കെത്തിയ തൊഴിലാളി വര്‍ഗ നേതാക്കന്മാരുണ്ട്. ഒരു സാധാരണ തൊഴിലാളിയുടെ മകനായി ജനിച്ച് പ്രയാസപ്പെട്ട് പഠിച്ച് ഒടുവില്‍ ആദ്യം നെയ്ത്തുതൊഴിലാളിയായി ജീവിതം നയിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമാവുകയും കേരളത്തിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്ത വിഎസും ഉള്‍പ്പെട്ടതാണ് ഈ ചെങ്കൊടി പ്രസ്ഥാനം. സഖാവ് വിഎസിന്റെ സമരസമ്പന്നമായ അന്ത്യനിമിഷത്തില്‍ അദ്ദേഹത്തിന്റെ മഹത്വം അംഗീകരിക്കാന്‍, വിഎസിനെ വെട്ടിനിരത്തലുകാരന്‍ എന്നൊക്കെ പറഞ്ഞ് അപഹസിച്ചിട്ടുളള മാധ്യമങ്ങള്‍ പോലും തയ്യാറായിട്ടുണ്ട്.'- എം എ ബേബി കൂട്ടിച്ചേര്‍ത്തു.

ജൂലൈ 21-ന് വൈകിട്ട് 3.20-നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

facebook twitter