മഞ്ചേരി: മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മടങ്ങുന്നതിനിടെ അന്യായമായി സംഘംചേര്‍ന്ന് ബഹളംവെച്ചതിന് ആശുപത്രിയിലെ താത്കാലിക ജീവനക്കാരുടെ പേരില്‍ പോലീസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. അനില്‍രാജിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഒരുകൂട്ടം താത്കാലിക ജീവനക്കാരുടെ പേരിലാണ് മഞ്ചേരി പോലീസ് കേസെടുത്തിരിക്കുന്നത്.
ഉദ്ഘാടനംകഴിഞ്ഞ് മടങ്ങുന്നതിനിടെ മന്ത്രി, നിപ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ സന്ദര്‍ശിക്കാന്‍ പോയിരുന്നു.ഇതിനിടെ തങ്ങള്‍ചെയ്ത ജോലിക്കുള്ള കൂലി രണ്ടുമാസമായി ലഭിച്ചില്ലെന്ന പരാതിയുമായി താത്കാലിക ജീവനക്കാര്‍ മന്ത്രിക്കു മുന്‍പിലെത്തി. ഇത് വഴി തടസ്സപ്പെടുത്തുന്ന രീതിയിലായതോടെ മന്ത്രിയെ അനുഗമിച്ച പാര്‍ട്ടിപ്രവര്‍ത്തകരും ജീവനക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. ഇതോടെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ആശുപത്രി സുരക്ഷാജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ ബഹളംവെക്കുകയും സംഘര്‍ഷസാധ്യതയുണ്ടാക്കുകയും ചെയ്തതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.