അമിതമായി എണ്ണയും മധുരവുമുള്ള ഭക്ഷണസാധനങ്ങൾക്ക് മുന്നറിയിപ്പ് വരുന്നു. ഇത്തരത്തിലുള്ള ഭക്ഷണസാധനങ്ങൾക്ക് മുന്നറിയിപ്പ് നിർദേശം നടപ്പാക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. സിഗററ്റ് കവറുകൾക്ക് മുകളിൽ മുന്നറിയിപ്പ് നൽകുന്നതു പോലെ എണ്ണയുടെയും മധുരത്തിന്റെയും അമിത ഉപയോഗം തടയാൻ പ്രചരണം ആരംഭിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
ഭക്ഷണ സാധനങ്ങളിൽ എത്രമാത്രം എണ്ണക്കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്നുള്ള മുന്നറിയിപ്പ് ബോർഡുകൾ കേന്ദ്രസർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് മുമ്പിൽ സ്ഥാപിക്കും. ഭക്ഷണശാലകളിലും പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ഇതിന്റെ ഭാഗമായി നാഗ്പൂർ എയിംസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അമിതമായ എണ്ണക്കൊഴുപ്പിന്റെയും മധുരത്തിന്റെയും ഉപയോഗം എത്രമാത്രം ഹാനികരമാണെന്ന് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും. അവയുടെ അമിത ഉപയോഗം നിരുത്സാഹപ്പെടുത്താനുമാണ് ഈ പദ്ധതിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പഞ്ചസാരയും കൊഴുപ്പും ഇന്നത്തെകാലത്തെ പുകയിലയാണ് ഇക്കാര്യത്തെ പറ്റി ജനങ്ങൾ ബോധവാന്മാരേകണ്ടത് അനിവാര്യമാണെന്ന് കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നാഗ്പൂർ ഘടകം പ്രസിഡന്റ് ഡോ.അമർ അമാലെ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.