പാലക്കാട്: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം നടത്തി ‘സോറി’ എഴുതിവെച്ച് കള്ളന്‍ . വീടിന്റെ സ്വിച്ച്‌ബോര്‍ഡില്‍ സോറി എന്ന് ഇംഗ്ലീഷില്‍ എഴുതിയ ഒരു പേപ്പറും സ്ഥാപിച്ചാണ് കള്ളന്‍ വിലകൂടിയ രണ്ട് വാച്ചുകളുമായി കടന്നുകളഞ്ഞത്.
ചന്ദ്രനഗര്‍ ജയനഗര്‍ കോളനിയില്‍ തിങ്കളാഴ്ച രാത്രി പത്തോടെയാണ് മോഷണം നടന്നത്. വിദേശത്ത് താമസമാക്കിയ കുടുംബം വീട് ഇടയ്ക്ക് തുറന്ന് പരിപാലിക്കാന്‍ ബന്ധുക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവം സിസിടിവി ക്യാമറയിലൂടെ കണ്ട ബന്ധുക്കള്‍ കസബ സ്റ്റേഷനില്‍ വിളിച്ച് വിവരമറിയിച്ചത് ചൊവ്വാഴ്ചയാണ്. വീടിന് ചുറ്റുമായി നാല് സിസിടിവി ക്യാമറകളാണുള്ളത്. കള്ളന്‍ അകത്തുകയറുന്നതും പുറത്തിറങ്ങിപ്പോകുന്നതുമെല്ലാം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
വാച്ചുകള്‍ക്ക് 20,000 രൂപവീതം വിലവരുമെന്നും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ പണമോ വീട്ടിലുണ്ടായിരുന്നില്ലെന്നും കസബ പോലീസ് പറഞ്ഞു. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.