+

സാധനം കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധം ; കടയിൽകയറി ആക്രമണം നടത്തിയ രണ്ടു പേർ പിടിയിൽ : പിടിയിലായത് സ്ഥിരം കുറ്റവാളികൾ

സാധനം കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ കടയിൽ കയറി ആക്രമണം നടത്തിയ വരടിമൂല വേമം ഹാഫിയത്ത് മൻസിൽ ആർ ഷിജാദ് (35), പാണ്ടിക്കടവ് കൊടിലൻ വീട്ടിൽ കെ സുനീർ(36) എന്നിവരെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്.


മാനന്തവാടി: സാധനം കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ കടയിൽ കയറി ആക്രമണം നടത്തിയ വരടിമൂല വേമം ഹാഫിയത്ത് മൻസിൽ ആർ ഷിജാദ് (35), പാണ്ടിക്കടവ് കൊടിലൻ വീട്ടിൽ കെ സുനീർ(36) എന്നിവരെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്.  കഴിഞ്ഞ ദിവസം  വൈകീട്ടോടെ പ്രതികൾ  പരാതിക്കാരന്റെ മാനന്തവാടിയിലുള്ള ലാലാ മിനി സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനത്തിൽ കയറി സാധനങ്ങൾ കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധം വച്ച് പരാതിക്കാരനെ കൈ കൊണ്ടും വടികൊണ്ടും ക്രൂരമായി മർദിക്കുകയും കടയിലെ സാധന സാമഗ്രികൾ നശിപ്പിക്കുകയും  കൂടാതെ വിവരമറിഞ്ഞ് കടയിലെത്തിയ പരാതിക്കാരന്റെ സഹോദരിയെ പരാതി നൽകിയാൽ പണി കിട്ടുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായത്.

പിടിയിലായ  സുനീർ മോഷണം, പിടിച്ചുപറി, അടിപിടി, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഷിജാദ് 2020 ൽ തിരുനെല്ലിയിൽ ഫോറസ്ററ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും  മാനന്തവാടി സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസിലും പ്രതിയാണ്.

 മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി. റഫീഖിന്റെ നേതൃത്വത്തിൽ എസ്.ഐ എം.സി പവനൻ  എ.എസ്.ഐ അജേഷ്‌കുമാർ, എസ്.സി.പി.ഓ മനു അഗസ്റ്റിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Trending :
facebook twitter