വടകരയെ ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കുന്ന 'സൗഹൃദ സ്പർശം' പദ്ധതിക്ക് ഒക്ടോബർ 31-ന് തുടക്കമാകും

09:22 AM Oct 30, 2025 | AVANI MV

തലശേരി :വടകര പാർലമെന്റ് മണ്ഡലത്തെ ഭിന്നശേഷി സൗഹൃദ നിയോജക മണ്ഡലമാക്കി മാറ്റുന്നതിനുള്ള വിപുലമായ പദ്ധതിയായ 'സൗഹൃദ സ്പർശം' ന്റെ പ്രവർത്തനങ്ങൾ ഒക്ടോബർ 31-ന് തുടങ്ങുമെന്ന് ഷാഫി പറമ്പിൽ എംപി അറിയിച്ചു. സഹൃദസ്പർശം പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 2024-2025 വർഷത്തെ എം.പി. ഫണ്ടിൽ നിന്ന് ഒരു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഭിന്നശേഷിക്കാരായ ഗുണഭോക്താക്കൾക്കുള്ള ഗതാഗത സൗകര്യത്തിന് മുപ്പത് ലക്ഷം രൂപയും, ബഡ്സ് സ്‌കൂളുകൾക്ക് വാഹനങ്ങൾ വാങ്ങുന്നതിന് അമ്പത് ലക്ഷം രൂപയും, ഭിന്നശേഷിക്കാർക്കുള്ള വിവിധ സഹായ ഉപകരണങ്ങൾക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപയുമാണ് വിനിയോഗിച്ചിരിക്കുന്നത്.

എം.പി. ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ വിതരണം  ഒക്ടോബർ 31-ന് രാവിലെ 9.30ന് വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി നടത്തും. കെ. കെ. രമ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിക്കും.പരിപാടിയോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കായി വിപുലമായ സേവന ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്.മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ചവർക്കുള്ള മെഡിക്കൽ ബോർഡ്, സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് കാർഡ് ലഭിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പ്, വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന ഹെൽപ്പ് ഡെസ്ക് എന്നിവ ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.