ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹം പശ്ചിമ ബംഗാളിലെന്ന് റിപ്പോർട്ട് ; കുറവ് കേരളത്തിൽ

01:15 PM Sep 15, 2025 |


കൊൽക്കത്ത : ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്നത് പശ്ചിമ ബംഗാളിലെന്ന് എസ്.ആർ.എസ് (സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം) റിപ്പോർട്ട്. സെപ്തംബർ മാസം പുറത്തിറക്കിയ സ്ഥിതിവിവരണ കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ ഓഫീസ് റിപ്പോർട്ട് അനുസരിച്ച്, പശ്ചിമ ബംഗാളിൽ 18 വയസിന് മുൻപ് വിവാഹിതരാകുന്ന പെൺകുട്ടികൾ 6.3 ശതമാനമാണ്. തൊട്ടുപിന്നിൽ ജാർഖണ്ഡ് (4.6ശതമാനം). കേരളത്തിലാണ് ഏറ്റവും കുറവ് ശൈശവ വിവാഹങ്ങൾ നടക്കുന്നത് (0.1ശതമാനം). ഹിമാചൽ പ്രദേശ് (0.4 ശതമാനം), ഹരിയാന (0.6ശതമാനം) എന്നിങ്ങനെയാണ് തൊട്ടുപിറകിലുള്ള സംസ്ഥാനങ്ങൾ.

ദേശീയ തലത്തിൽ 2.1 ശതമാനം പെൺകുട്ടികളും 18 വയസിന് മുൻപ് വിവാഹിതരാകുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്നതും പശ്ചിമ ബംഗാളിൽ തന്നെയാണ്. 5.8 ശതമാനമാണ് നിരക്ക്. തൊട്ടുപിന്നിൽ ജാർഖണ്ഡ് 5.2ശതമാനം.

നഗരപ്രദേശങ്ങളുടെ പട്ടികയിലും 18 വയസിന് നേരത്തെ വിവാഹിതരാകുന്നവരുടെ എണ്ണം കൂടുതലും പശ്ചിമ ബംഗാളിൽ തന്നെ. 7.6 ശതമാനമാണ് നിരക്ക്. പിറകിൽ ജമ്മുകശ്മീർ (3.5 ശതമാനം), ഒഡിഷ (2.8 ശതമാനം )എന്നിങ്ങനെയാണ് കണക്കുകൾ.

ദേശീയ തലത്തിൽ 18 വയസിന് മുമ്പ് വിവാഹിതരാവുന്ന സ്ത്രീകളുടെ ശതമാനം ഗ്രാമപ്രദേശങ്ങളിൽ 2.5ഉം നഗരപ്രദേശങ്ങളിൽ 1.2ഉം ആണ്. 18-20 വയസ്സിനിടയിൽ വിവാഹിതരാകുന്ന സ്ത്രീകളുടെ ഏറ്റവും ഉയർന്ന അനുപാതം പശ്ചിമബംഗാളിൽ തന്നെ. 44.9 ശതമാനം ആണ്. തൊട്ടുപിന്നിൽ ജാർഖണ്ഡും (41.5), ഏറ്റവും കുറവ് ജമ്മുകാശ്മീരിലുമാണ് (8.4).

2025 മേയിൽ എസ്.ആർ.എസ് പുറത്ത് വിട്ട റിപ്പോർട്ടുമായി പുതിയ റിപ്പോർട്ട് താരതമ്യപ്പെടുത്തുമ്പോൾ, 18 വയസിന് മുമ്പ് വിവാഹിതരാകുന്ന സ്ത്രീകളുടേ ശതമാനത്തിൽ കുറവ് വന്നതായി കാണാം. പശ്ചിമ ബംഗാളിൽ 6.5ശതമാനത്തിൽ നിന്നും 6.3 ശതമാനമായി കുറഞ്ഞു. ഇന്ത്യയിൽ 2.6 ശതമാനത്തിൽ നിന്നും 2.1 ശതമാനമായും കുറഞ്ഞു.