ലക്കനൗ : ഉത്തർപ്രദേശില്‍ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അസിസ്റ്റന്റ് പൊലിസ് സൂപ്രണ്ട് മുകേഷ് പ്രതാപ് സിങിന്റെ ഭാര്യ നിതേഷ് സിങിനെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യയാണെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
എന്നാല്‍, മരണത്തില്‍ ദുരൂഹത ആരോപിച്ച് നിതേഷിന്റെ സഹോദരൻ രംഗത്തെത്തി. മുകേഷ് പ്രതാപ് സിങിന് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സഹോദരൻ ആരോപിച്ചു. എന്നാല്‍, ഭാര്യക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥന്റെ വാദം.
നിതേഷ് സിങിനെ ഇന്നലെ വൈകുന്നേരം ലഖ്നൗവിലെ ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്രൈംബ്രാഞ്ച് സിഐഡിയില്‍ എഎസ്പിയായ മുകേഷ് പ്രതാപ് സിങ് സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പൊലിസ് അറിയിച്ചു. എന്നാല്‍, ദമ്ബതികളുടെ ഭിന്നശേഷിക്കാരനായ മകൻ വീട്ടില്‍ ഉണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതായും പൊലിസ് വ്യക്തമാക്കി.
ഔദ്യോഗിക വസതിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കേസില്‍ ദുരൂഹത വർധിച്ചു. ദൃശ്യങ്ങളില്‍, നിതേഷ് സിങ് തന്റെ ഭിന്നശേഷിക്കാരനായ മകന്റെ മുഖത്ത് തലയിണ അമർത്തി ശ്വാസംമുട്ടിക്കാൻ ശ്രമിക്കുന്നത് കാണാം.നിതേഷിന്റെ മാനസികനിലയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാലും അവർ ചികിത്സയിലായിരുന്നതിനാലുമാണ് വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതെന്ന് മുകേഷ് പ്രതാപ് സിങ് പൊലിസിനോട് വ്യക്തമാക്കി