ഇന്ത്യയോടൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ചൈനീസ് അംബാസഡര്‍ ; ട്രംപിന്റെ താരിഫ് ഭീഷണിയ്ക്ക് വിമര്‍ശനം

06:00 AM Aug 22, 2025 |


യുഎസിന് ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെഹോങ്. സ്വതന്ത്ര വ്യാപാരത്തില്‍ നിന്ന് എന്നും നേട്ടമുണ്ടാക്കിയിരുന്ന യുഎസ് ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് അമിതമായ വില ആവശ്യപ്പെടാന്‍ താരിഫുകള്‍ വിലപേശല്‍ ഉപാധികളായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യക്ക് മേല്‍ യു.എസ്. 50 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്തിയതിനെയും കൂടുതല്‍ താരിഫുകള്‍ക്ക് ഭീഷണിപ്പെടുത്തിയതിനെയും ചൈന ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

ഇത്തരം നടപടികള്‍ക്കെതിരെ മൗനം പാലിക്കുന്നത് ഭീഷണിപ്പെടുത്തുന്നവരെ കൂടുതല്‍ ധൈര്യശാലിയാക്കുകയേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക വ്യാപാര സംവിധാനം നിലനിര്‍ത്തുന്നതിനായി ചൈന ഇന്ത്യയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാന വികസ്വര രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയും ചൈനയും ഒന്നിക്കുകയും പരസ്പരം സഹകരിക്കുകയും വേണം. ചൈന-ഇന്ത്യ സൗഹൃദം ഏഷ്യക്ക് ഗുണകരമാണെന്നും ഇരു രാജ്യങ്ങളും ഏഷ്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ ഇരട്ട എഞ്ചിനുകളാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. 

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ ചൈനീസ് വിപണിയിലേക്ക് സ്വാഗതം ചെയ്യുമെന്നും ഇരു രാജ്യങ്ങളും തന്ത്രപരമായ പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുകയും പരസ്പര സംശയം ഒഴിവാക്കുകയും വേണം. ഇന്ത്യക്ക് ഐ.ടി, സോഫ്റ്റ്വെയര്‍, ബയോമെഡിസിന്‍ എന്നീ മേഖലകളില്‍ മികച്ച സാധ്യതകളുണ്ടെന്നും ഇലക്ട്രോണിക്‌സ് നിര്‍മ്മാണം, അടിസ്ഥാന സൗകര്യ വികസനം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ചൈനക്ക് വേഗത്തില്‍ വികസനം സാധ്യമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ചാല്‍ 'ഒന്ന് പ്ലസ് ഒന്ന് രണ്ടിനേക്കാള്‍ വലുതായ' ഫലം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.