കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ; കൂടുതൽ പേരെ പ്രതിചേർക്കും

10:16 AM Aug 12, 2025 | Kavya Ramachandran

എറണാകുളം : കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യയിൽ കൂടുതൽ പേരെ പ്രതിചേർക്കും. പ്രതി റമീസിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. റമീസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അന്വേഷണ സംഘം ഇന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശേഖരിക്കും. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടികൾ.

പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറയുന്നു. റമീസിന്റെ പേരിൽ നിരവധി കേസുകളുണ്ട്. അടിപിടി കേസുകളിലെ സ്ഥിരം പ്രതിയാണ് റമീസ് എന്ന് പൊലീസ് അറിയിച്ചു. കേസിൽ റമീസിന്റെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പേടുത്തിയിരുന്നു. മതംമാറാൻ റമീസ് നിർബന്ധിച്ചെന്ന് ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ട്. മകൾ ഭീഷണിയും ക്രൂരമർദനവും നേരിട്ടെന്ന് യുവതിയുടെ അമ്മ ആരോപിച്ചിരുന്നു. റമീസ് മർദിച്ചെന്ന് യുവതിയുടെ കൂട്ടുകാരി ജോൺസി പറഞ്ഞിരുന്നു. പ്രതിയുടെ കുടുംബം വീട് പൂട്ടി മുങ്ങിയതായാണ് സൂചന.


വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് റമീസിനെ അറസ്റ്റ് ചെയ്തത്. ഇരുവരുടെയും വാട്സാപ്പ് ചാറ്റിൽ നിന്ന് ആത്മഹത്യാ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനും പൊലീസിന് തെളിവ് ലഭിച്ചു. മതം മാറാൻ ആവശ്യപ്പെട്ട് റമീസ് യുവതിയെ പൂട്ടിയിട്ട് മർദിച്ചെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.

കഴിഞ്ഞ ശനിയാഴ്ച സോന മരിക്കുന്നതിന് മുമ്പ് കൂട്ടുകാരിയോട് കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞിരുന്നു. സോനയുടെ ഫോണിൽ നിന്നും ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സോനയുടെ കുടുംബവും കൂട്ടുകാരി ജോൺസിയും പോലീസിന് വിശദമായ മുഴുവൻ നൽകും