
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ സ്തുത്യർഹ സേവനം കാഴ്ചവെച്ച നഴ്സുമാർക്കുള്ള സംസ്ഥാനതല അവാർഡ് (സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ്) മന്ത്രി വീണാജോർജ് പ്രഖ്യാപിച്ചു.ആരോഗ്യവകുപ്പിൽ ജനറൽ നഴ്സിങ് വിഭാഗത്തിൽ സംസ്ഥാനതല പുരസ്കാരം ഇടുക്കി ജില്ലാ ആശുപത്രി നഴ്സിങ് ഓഫീസർ അരുൺകുമാർ പി.എം., പബ്ലിക് ഹെൽത്ത് നഴ്സിങ് വിഭാഗത്തിൽ സംസ്ഥാനതല പുരസ്കാരം ഇടുക്കി വാളറ ദേവിയാർ കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ജി. ജോൺ എന്നിവർക്കാണ്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജനറൽ നഴ്സിങ് വിഭാഗം സംസ്ഥാനതലത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രി സീനിയർ നഴ്സിങ് ഓഫീസർ ജ്യോതി കെ., ജില്ലാതലത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സീനിയർ നഴ്സിങ് ഓഫീസർ ഷാനിഫ ബീവി എച്ച്. എന്നിവർ പുരസ്കാരത്തിന് അർഹരായി.
ജനറൽ നഴ്സിങ് ജില്ലാതലത്തിൽ ചിറയിൻകീഴ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ എസ്. സബിത, കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ എ.എസ്. മീനു, കോട്ടയം പാലാ ജനറൽ ആശുപത്രിയിലെ സിന്ധു പി. നാരായണൻ, എറണാകുളം ജനറൽ ആശുപത്രിയിലെ എ.എൻ. ശ്യാമള, തൃശ്ശൂർ ജനറൽ ആശുപത്രിയിലെ എസ്. ജിഷ, കോഴിക്കോട് ചേവായൂർ സർക്കാർ ത്വഗ്രോഗാശുപത്രിയിലെ ടി.കെ. ഷൈലജ, ഇടുക്കി കുമിളി കുടുംബാരോഗ്യകേന്ദ്രത്തിലെ മേഴ്സി ചാക്കോ, കാസർകോട് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലെ പി. ബിനി എന്നിവർ പുരസ്കാരത്തിന് അർഹരായി.
പബ്ലിക് ഹെൽത്ത് ജില്ലാതല വിഭാഗത്തിൽ തിരുവനന്തപുരം പള്ളിച്ചൽ കുടുംബാരോഗ്യകേന്ദ്രത്തിലെ ഫ്ളോറൻസ്, കൊല്ലം ശൂരനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ സുബീന കാസിം, ഫോർട്ട് കൊച്ചി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ടി. ബിന്ദുകുമാരി, കാസർകോട് ചെറുവത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ സ്മിതാരാമൻ എന്നിവരും പുരസ്കാരത്തിന് അർഹരായി.