വേണമെങ്കിൽ ടെറസിലും പുതിന കൃഷി ചെയ്യാം, കണ്ണൂർ നാറാത്ത് പഞ്ചായത്തിൻ്റെ തുണയാൽ താരമായി വീട്ടമ്മ

10:51 PM Jul 16, 2025 | Desk Kerala

കണ്ണൂർ; നാറാത്ത് തമിഴ്നാട്ടിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പുതീനച്ചെടി നമ്മുടെ നാട്ടിലും കൃഷി ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് നാറാത്ത് ഗ്രാമ പഞ്ചായത്തും വീട്ടമ്മയായ ആയിഷയും. വീടിൻ്റെടെറസ് കൃഷിയിൽ നൂറ് മേനി വിളവാണ് ആയിഷയുണ്ടാക്കിയത്.

അടുക്കളകളിൽ രുചിയും മണവും കൂട്ടാൻ ശുദ്ധവും വിഷരഹിതവുമായ പുതിനയിലകൾ ടെറസിൽ ഗ്രോബാഗിൽ വളർത്തി മാതൃകയാവുകയാണ് നാറാത്ത് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിലെ എം ആയിഷയെന്ന വീട്ടമ്മ. ടെറസിൽ 200 ലധികം ഗ്രോ ബാഗുകളിലാണ് അവർ പുതിന കൃഷി ചെയ്യുന്നത്. ഉൽപാദിപ്പിക്കുന്ന പുതിന പ്രാദേശിക വിപണിയിലും കൃഷിഭവൻ ആഴ്ച ചന്തയിലും വിൽപന നടത്തുന്നു.

കൂടാതെ പുതിന തൈകൾ ഉൽപ്പാദിപ്പിച്ചും വിൽപന നടത്തുന്നുണ്ട്. നാറാത്ത് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രൂപ്പുകൾക്ക് 1000 പുതിന തൈകൾ വിതരണം നടത്തി. കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടുകൂടി മൂല്യവർധന കൃഷികൂട്ടങ്ങളുടെ പ്രോത്സാഹനത്തിനായി പുതിന ഇലയിൽ നിന്നും പുതിന പൊടി ഉത്പാദിപ്പിച്ച് വിപണിയിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2025- 2026 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 2000 മൺചട്ടികളിൽ പുതിന തൈവിതരണം നടത്താനും ലക്ഷ്യമിടുന്നുണ്ട്. 

ഈ പ്രവർത്തനങ്ങൾക്കായി നാല് ലക്ഷം രൂപ ബഡ്ജറ്റിൽ ഗ്രാമ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽപ്പെടുന്ന ഔഷധ സസ്യമായ പുതിനയിൽ നിന്നാണ് മെന്തോൾ എന്ന തൈലം വാറ്റിയെടുക്കാൻ കഴിയുമെന്ന് കൃഷി വിദഗ്ദ്ധർ പറഞ്ഞു. ബിരിയാണിയിലും മറ്റു ഭക്ഷ്യവസ്തുക്കൾക്കും രുചി പകരാൻ പുതിയ നല ധാരാളം ചേർത്തു വരുന്നുണ്ട്.