പാലക്കാട് കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവ അഭിഭാഷകന്‍ പിടിയില്‍

11:30 AM Sep 09, 2025 |


പാലക്കാട് : കാറില്‍ സൂക്ഷിച്ച അരക്കിലോ കഞ്ചാവുമായി യുവഅഭിഭാഷകന്‍ പിടിയില്‍. വടവന്നൂര്‍ ഊട്ടറ ആലമ്പള്ളം ശ്രീജിത്താണ് (32) പുതുനഗരം പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നാടകീയമായാണ് ശ്രീജിത്തിനെ കാര്‍ വളഞ്ഞ് പിടികൂടിയത്.കൊടുവായൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ പുതുനഗരം ജങ്ഷനില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. വാഹന പരിശോധനക്കായി പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഷൊര്‍ണൂര്‍ ഭാഗത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാലക്കാട് കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്ന ഇയാള്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇയാളുടെ കാര്‍ മുമ്പ് ആലത്തൂര്‍ പോലീസ് തടഞ്ഞെങ്കിലും വെട്ടിച്ച് കടന്നിരുന്നതായി പോലീസ് പറഞ്ഞു. സമാനമായ രീതിയില്‍ ഇന്നലെയും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുതുനഗരം ജങ്ഷനില്‍ വെച്ച് പിടിയിലായി. ഇയാള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കിയ സെല്‍റ്റോസ് കാര്‍ സുഹൃത്തിന്റെ പേരിലുള്ളതാണ്. അഭിഭാഷകന്റെ എംബ്ലം കാറില്‍ പതിപ്പിച്ചിട്ടുള്ളതിനാല്‍ പരിശോധന നടത്തില്ലെന്ന് കരുതി മുന്‍സീറ്റില്‍ തന്നെയാണ് പിക്കപ്പിലാക്കി കഞ്ചാവ് സൂക്ഷിച്ചിരുന്നത്.പുതുനഗരം സബ് ഇന്‍സ്‌പെക്ടര്‍ കെ. ശിവചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ കേസ് എടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതായി പോലീസ് അറിയിച്ചു.