വീടിൻറെ വാതിൽ തകർത്ത് അകത്ത് കയറി യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം ;യുവാവ് അറസ്റ്റിൽ

08:08 PM Jul 25, 2025 | AVANI MV

കോഴിക്കോട്: മാരകായുധവുമായി എത്തി വീടിൻറെ വാതിൽ തകർത്ത് അകത്ത് കയറി യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് തലക്കുളത്തൂർ കണിയാംകുന്ന് സ്വദേശി മലയിൽ അസ്ബി(29)നെയാണ് എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് വീട്ടിൽ കയറിയുള്ള അതിക്രമം ഉണ്ടായത്. വൈകിട്ടോടെ യുവതിയുടെ വീട്ടിലെത്തിയ അസ്ബിൻ വാതിൽ തകർത്ത് അകത്തുകയറുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് പരാതി. തുടർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. വീട്ടിലെ ഫർണിച്ചറും ടിവിയുമുൾപ്പെടെ യുവാവ് അടിച്ചു തകർത്തു. മാരകായുധവുമായാണ് അസ്ബിൻ വീട്ടിലെത്തിയത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഇൻസ്‌പെക്ടർ രഞ്ജിത്തിൻറെ നേതൃത്വത്തിൽ എസ്‌ഐമാരായ പ്രജുകുമാർ, സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ രൂപേഷ് എന്നിവർ ചേർന്ന് അസ്ബിനെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻറ് ചെയ്തു.