മത്സരയോട്ടത്തിൽ വിദ്യാർത്ഥികൾ മരിച്ച സംഭവം; കോഴിക്കോടും കണ്ണൂരും ബസ് തടഞ്ഞ് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

10:35 AM Jul 21, 2025 |


കോഴിക്കോട്: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കോഴിക്കോടും കണ്ണൂരും പ്രതിഷേധം ശക്തം . കോഴിക്കോട് പേരാമ്പ്രയില്‍ ഇന്നും ബസ് തടഞ്ഞുള്ള പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് - കുറ്റ്യാടി റൂട്ടില്‍ ബസുകള്‍ ഇന്നും സര്‍വീസ് ആരംഭിച്ചിട്ടില്ല. എന്നാല്‍ നാദാപുരം - കോഴിക്കോട് റൂട്ടിലെ സോള്‍മേറ്റ് ബസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.

ബസിന്റെ ചാവി ഊരിയെടുക്കുകയും യൂത്ത് കോണ്‍ഗ്രസിന്റെ പതാകയുടെ വടി ഉപയോഗിച്ച് ബസിന്റെ ചില്ലുകളില്‍ അടിക്കുകയും ചെയ്തു. നിറയെ യാത്രക്കാര്‍ ഉള്ള ബസ് ആണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞത്. അതേസമയം കണ്ണോത്തും ചാലില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിലും പ്രതിഷേധമുണ്ടായി.

Trending :

കാടാച്ചിറയില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ് തടഞ്ഞിരുന്നു. ഈ സമയത്ത് തൊഴിലാളികളുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിനു ശേഷം ബസ് വീണ്ടും സര്‍വീസ് ആരംഭിച്ചപ്പോള്‍ മുന്‍ഭാഗത്ത് നിന്ന് വന്ന ബൈക്കില്‍ നിന്നൊരാള്‍ കല്ലെറിയുകയായിരുന്നു. കല്ലേറിന്റെ സമയത്ത് ബസില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

ശനിയാഴ്ചയാണ് സ്വകാര്യ ബസിടിച്ച് വിദ്യാര്‍ത്ഥിയായ ജവാദ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിടെ ഇരുചക്ര വാഹനത്തില്‍ വരികയായിരുന്ന ജവാദിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബസിന്റെ ടയര്‍ കയറിയിറങ്ങിയാണ് ജവാദ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് കണ്ണൂരില്‍ സ്വകാര്യ ബസ് ഇടിച്ച് കണ്ണോത്തു ചാല്‍ സ്വദേശി ദേവനന്ദ് (19) മരിച്ചത്. സ്‌കൂട്ടറില്‍ പോകുന്നതിനിടെ ബസ് ഇടിക്കുകയും വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു.