കെ.കെ രാഗേഷിനെ കർണൻ്റെ കവചമായി വിശേഷിപ്പിച്ചു കൊണ്ടുള്ള ഇൻസ്റ്റൻ ഗ്രാം പോസ്റ്റ്: ദിവ്യ എസ്.അയ്യർക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്

08:29 PM Apr 15, 2025 | Desk Kerala

കണ്ണൂർ : സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ കെ.കെ രാഗേഷിനെ സോഷ്യൽ മീഡിയയിലൂടെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർ ഐ.എ എസിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. 

കർണനുപോലും അസൂയ തോന്നുന്ന കവചം, വിശ്വസ്തതയുടെ പാഠപുസ്തകമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ.രാഗേഷും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയ്ക്ക് കുറിപ്പു നൽകി ദിവ്യ എസ്.അയ്യർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്തത്. 

കർണനെ പോലും അസൂയ തോന്നിക്കും വിധം കവചമായിരുന്നു മുഖ്യമന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറിയായ രാഗേ ഷെന്നു വിശേഷിപിച്ചു കൊണ്ടാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥയും മുൻ എം.എൽ എ യും കോൺഗ്രസ് നേതാവുമായ ശബരിനാഥിൻ്റെ ഭാര്യയുമായ ദിവ്യയുടെ പോസ്റ്റ്'

എന്നാൽ ഇതിനെതിരെ അതിശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. ദിവ്യ എസ് അയ്യർക്ക് ശമ്പളം എ.കെ.ജി സെൻ്ററിലല്ലെത്ത് ഓർക്കണമെന്ന് യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ പറഞ്ഞു. 

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെ വാഴ്ത്തിയതിലൂടെ സർവീസ് ചട്ടങ്ങൾ ലംഘിച്ചിരിക്കുകയാണ് ദിവ്യ.ഭരണചക്രം തിരിയുമ്പോൾ തരം പോലെ കളം മാറ്റിയാൽ സംരക്ഷണം കിട്ടുമെന്ന് ധരിക്കേണ്ടന്ന് വിജിൽ മോഹൻ മുന്നറിയിപ്പ് നൽകി. ദിവ്യയുടെ പ്രകടനങ്ങൾ ബി ഗ്രേഡ് സിനിമയുടെ നിലവാരത്തിലേക്ക് താഴ്ന്നുവെന്ന് വിജിൽ മോഹൻ കുറ്റപ്പെടുത്തി.