മോഷണക്കേസില്‍ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയ യുവാവ് മരിച്ച സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ അറസ്റ്റില്‍. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അജിത് കുമാറിന്റെ ശരീരത്തില്‍ 30 ഇടത്ത് ചതവുകളുണ്ടെന്നും മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം മൂലമായിരുന്നു മരണമെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മദ്രാസ് ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
തമിഴ്നാട്ടിലെ ശിവഗംഗയിലായിരുന്നു കേസിനാസ്പദമായ സംഭവം. മദപുരം കാളിയമ്മന്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ അജിത് കുമാര്‍ എന്ന 27-കാരനെയാണ് തിരുപുവനം പൊലീസ് മോഷണക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തത്. ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിന്റെ കീഴിലുളള ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രത്തിലെത്തിയ ഭക്തയുടെ പരാതിയിലാണ് പൊലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്.
കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ സ്ത്രീ അജിത് കുമാറിനോട് കാര്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നാലെ കാറിലുണ്ടായിരുന്ന പത്തുപവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്നായിരുന്നു ആരോപണം. എന്നാല്‍ കാര്‍ ഓടിക്കാന്‍ അറിയാത്ത അജിത് കുമാര്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ മറ്റൊരാളുടെ സഹായം തേടിയിരുന്നെന്നാണ് വിവരം. ഒരുമണിക്കൂറിനുശേഷം കാറിന്റെ താക്കോല്‍ തിരികെ കൊടുക്കുകയും ചെയ്തു. ഇവരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തു. ആദ്യം ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും വീണ്ടും കസ്റ്റഡിയിലെടുത്തു. താമസിയാതെ അജിത് മരിച്ചുവെന്ന് പൊലീസ് കുടുംബത്തെ അറിയിക്കുകയായിരുന്നു.
പൊലീസ് താനുള്‍പ്പെടെ അഞ്ചുപേരെ കസ്റ്റഡിലിയെടുത്ത് ക്രൂരമായി മര്‍ദിച്ചെന്ന് അജിത്തിന്റെ സഹോദരന്‍ നവീന്‍ ആരോപിച്ചിരുന്നു. 'അന്ന് ക്ഷേത്രത്തിലെത്തിയ സ്ത്രീ താന്‍ ശാരീരിക വൈകല്യമുളളയാളാണെന്നും വണ്ടി പാര്‍ക്ക് ചെയ്യാന്‍ സഹായിക്കണമെന്നും സഹോദരനോട് ആവശ്യപ്പെട്ടു. എന്നാല്‍ അവന് വാഹനമോടിക്കാന്‍ അറിയില്ല. അവന്‍ മറ്റാരോടോ സഹായിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ആഭരണം കാണാനില്ലെന്ന് ആരോപിച്ച് പൊലീസ് അജിത്തിനെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. എന്നെയും അരമണിക്കൂറോളം മര്‍ദിച്ചു. അജിത്തിനോട് കുറ്റം സമ്മതിക്കാന്‍ നിര്‍ബന്ധിച്ചു. എന്റെ സഹോദരന് ഒരു ക്രിമിനല്‍ പശ്ചാത്തലവുമില്ല', നവീന്‍ പറഞ്ഞു.