നടന്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

08:03 AM Apr 19, 2025 | Suchithra Sivadas

നടന്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. എറണാകുളം സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലാണ് നടനെ ചോദ്യം ചെയ്യുക. തൃശ്ശൂരിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയത്. ഷൈന്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഷൈന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് പിതാവ് അറിയിച്ചത്. കൊച്ചിയിലെ ഹോട്ടലില്‍ നിന്നും ഡാന്‍സാഫ് എത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ട സംഭവത്തിലാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുക.

അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്റെ പിതാവ് ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. ഷൈന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നും പിതാവ് പ്രതികരിച്ചു.

ദയവ് ചെയ്ത് ദ്രോഹിക്കരുതെന്ന് ഷൈന്‍ ടോം ചാക്കോയുടെ മാതാവും മാധ്യമങ്ങളോട് പ്രതികരിച്ചു. ഡാന്‍സാഫ് ടീം എത്തിയപ്പോള്‍ ഷൈന്‍ എന്തിന് ഇറങ്ങിയോടി. കലൂരിലെ വേദാന്ത ഹോട്ടലില്‍ മുറിയെടുത്തത് എന്തിന്. ഒളിവില്‍ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതവരുത്താനാണ് പൊലീസിന്റെ നീക്കം. നിലവില്‍ ഷൈനെ ഒരു കേസിലും പ്രതി ചേര്‍ത്തിട്ടില്ല. അഡ്വ രാമന്‍ പിള്ളയാണ് ഷൈനിന്റെ അഭിഭാഷകന്‍.